അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

0
288

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കൊവിഡ് പോസിറ്റീവായാല്‍
ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ – 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന നടത്തണം. ഐസൊലേഷന്‍ നടപടികളും അവിടെ നിന്ന് സ്വീകരിക്കും. ഇവര്‍ ഐസൊലേഷന്‍ അവസാനിപ്പിക്കണമെങ്കില്‍ 24 മണിക്കൂര്‍ ഇടവേളയിലുള്ള രണ്ട് പരിശോധനകളില്‍ നെഗറ്റീവ് ആയിരിക്കണം. 10 ദിവസമായിരിക്കും ഇവരുടെ ഐസൊലേഷന്‍ കാലയളവ്. എട്ടാം ദിവസവും പത്താം ദിവസവും പരിശോധന നടത്തും. അവസാന മൂന്ന് ദിവസം രോഗലക്ഷണങ്ങളുണ്ടാകാതിരിക്കുകയും മെഡിക്കല്‍ പരിശോധന തൃപ്‍തികരമാവുകയും ചെയ്‍താല്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശം ലഭിക്കും.

ഹൈ റിസ്ക് വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവരും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവരുമായവര്‍ക്ക് എമിറേറ്റിലെ ഒരു പരിശോധനാ കേന്ദ്രത്തില്‍ വീണ്ടും പരിശോധന നടത്തുകയാണ് വേണ്ടത്. തുടര്‍ന്ന് ക്വാറന്റീന്‍ പാലിക്കണം. പരിശോധനാ ഫലം വരുമ്പോള്‍ പോസിറ്റീവാണെങ്കില്‍ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടും.

രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ 24 മണിക്കൂര്‍ കുടി കഴിഞ്ഞ് മൂന്നാമതൊരു പരിശോധന കൂടി നടത്തണം. അതും നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

രോഗിയുമായി അടുത്ത സമ്പര്‍ക്കം
സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് പിസിആര്‍ പരിശോധന നടത്താനും ഹോം ക്വാറന്റീന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനുമുള്ള ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും. വാക്സിനെടുത്തവര്‍ ഏഴ് ദിവസവും അല്ലാത്തവര്‍ 10 ദിവസവുമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്.

അടുത്ത സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ വാക്സിനെടുത്തവര്‍ ആറാം ദിവസവും അല്ലാത്തവര്‍ ഒന്‍പതാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം

എന്നാല്‍ പരിശോധന പോസിറ്റീവാണെങ്കില്‍ ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ – 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന നടത്തണം. ഐസൊലേഷന്‍ നടപടികളും അവിടെ നിന്ന് സ്വീകരിക്കും.

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവര്‍ എമിറേറ്റിലെ ഏതെങ്കിലും പരിശോധനാ കേന്ദ്രത്തില്‍ നിന്ന് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്‍ത ശേഷം ക്വാറന്റീന്‍ തുടരണം. രണ്ടാമത്തെ പരിശോധന പോസിറ്റീവാണെങ്കില്‍ ആരോഗ്യ വിദഗ്ധന്‍ രോഗിയുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കും. രണ്ടാമത്തെ പരിശോധന നെഗറ്റീവാണെങ്കില്‍ 24 മണിക്കൂറിന് ശേഷം മൂന്നാമൊതുരു പരിശോധന കൂടി നടത്തിയ ശേഷം അതും നെഗറ്റീവാണെങ്കില്‍ മാത്രം ക്വാറന്റീന്‍ അവസാനിപ്പിക്കാം.

അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍
1. 24 മണിക്കൂര്‍ ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകള്‍ നെഗറ്റീവാകണം. അല്ലെങ്കില്‍,

2. പത്ത് ദിവസത്തെ ക്വാറന്റീനില്‍ എട്ടാം ദിവസവും പത്താം ദിവസവും പരിശോധന നടത്തുകയും അവസാന മൂന്ന് ദിവസം ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്‍തവര്‍ക്ക് മെഡിക്കല്‍ പരിശോധനായുടെ അടിസ്ഥാനത്തില്‍ മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here