ഹരിത വിവാദം: മൂന്ന് എംഎസ്എഫ് സംസ്ഥാന നേതാക്കളെ മുസ്ലിം ലീഗ് സസ്പെന്റ് ചെയ്തു

0
291

കോഴിക്കോട്: എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജോയന്റ് സെക്രട്ടറി കെഎം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെവി ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്ന് പേരെയും നീക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി .

ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നൽകിയത്. വിഷയത്തിൽ ഇന്നലെ വാർത്താ സമ്മേളനം വിളിച്ചുചേർത്ത ലത്തീഫ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെയടക്കം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഹരിത വിവാദത്തിൽ എംഎസ്എഫിന്റെ മിനുട്സ് തിരുത്താൻ പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു. താനതിന് തയ്യാറായിരുന്നില്ലെന്നുമാണ് ലത്തീഫ് പറഞ്ഞത്. ഒറിജിനൽ മിനുട്സ് എംഎസ്എഫ് നേതാക്കളുടെ പക്കലാണ്, തന്റെ കൈയ്യിലില്ല. മിനുട്സിന് വേണ്ടി പൊലീസിപ്പോഴും തനിക്ക് പുറകെയാണ്. ഒറിജിനൽ മിനുട്സ് പൊലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്സാണ് കൊടുക്കുന്നതെങ്കിൽ, താൻ ഒറിജിനലിന്റെ പകർപ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പികെ നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാർട്ടിയിൽ നിന്നടക്കം സസ്പെന്റ് ചെയ്യാൻ നേതൃത്വം തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here