ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീം (Bangladesh Cricket team) ഒരു ചരിത്ര വിജയത്തിന്റെ അരികിൽ നിൽക്കുകയാണ്. ന്യൂസിലൻഡിനെതിരായ (BAN vs NZ) പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത്. മത്സരത്തിൽ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ ബംഗ്ലാദേശ് അട്ടിമറിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബംഗ്ലാദേശ് ചരിത്രവിജയത്തിന് അരികെ നിൽക്കുന്ന മത്സരം എന്നതിന് പുറമെ ഇപ്പോൾ മറ്റൊരു രീതിയിലാണ് ഈ ടെസ്റ്റ് ആരാധകരാകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മത്സരത്തിനിടയിൽ ബംഗ്ലാദേശ് എടുത്ത ഡിആർഎസ് അപ്പീലാണ് (DRS review) ഇതിന് കാരണമായിരിക്കുന്നത്. മത്സരത്തിനിടെ ബംഗ്ലാദേശ് എടുത്ത റിവ്യൂ ക്രിക്കറ്റ് ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ ചിരിയിലാഴ്ത്തുകയായിരുന്നു.
ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിലെ 37ാമത്തെ ഓവറിലായിരുന്നു സംഭവം. ബംഗ്ലാ ബൗളർ ടസ്കിൻ അഹ്മദ് എറിഞ്ഞ ഓവറിൽ കിവീസ് താരം റോസ് ടെയ്‌ലർക്കെതിരായ എൽബി അപ്പീൽ അമ്പയർ നോട്ട് ഔട്ട് വിധിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് റിവ്യൂ എടുക്കുകയായിരുന്നു. ടെയ്‌ലറുടെ ബാറ്റിലാണ് പന്ത് തട്ടുന്നതെന്ന് റീപ്ലേകളിൽ വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഇത് കമന്റേറ്റർമാരിൽ ചിരി പടർത്തി, പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറൽ ആവുകയായിരുന്നു. ഉണ്ടായിരുന്ന ഏക റിവ്യൂ ഇതോടെ ബംഗ്ലാദേശ് നഷ്ടപ്പെടുത്തുകയും ചെയ്തു.
Bangladesh are doing so well this Test, but there should be some sort of penalty runs for this 😂pic.twitter.com/cc1gBUau4c
— Lachlan McKirdy (@LMcKirdy7) January 4, 2022
മത്സരത്തിൽ റിവ്യൂ എടുക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ബംഗ്ലാദേശിന് തന്നെയാണ് ആധിപത്യം. മത്സരത്തിൽ ഒരു ദിനം മാത്രം ശേഷിക്കെ രണ്ടാം ഇന്നിങ്സിൽ കേവലം 17 റൺസിന്റെ ലീഡ് മാത്രമാണ് ന്യൂസിലൻഡിന് ഉള്ളത്. നാലാം ദിന൦ അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നിലയിലാണ് ന്യൂസിലൻഡ്. അഞ്ചാം ദിനത്തിൽ കിവീസിനെ പെട്ടെന്ന് പുറത്താക്കിയാൽ ബംഗ്ലാദേശിന് മത്സരം വിജയിക്കാം. ഇതുവരെ ന്യൂസിലൻഡിൽ കളിച്ച ടെസ്റ്റ് മത്സരങ്ങൾ എല്ലാം തന്നെ തോറ്റിട്ടുള്ള ബംഗ്ലാദേശിന് ഈ മത്സരം സമനിലയിൽ ആയാൽ പോലും ചരിത്ര നേട്ടം സ്വന്തമാക്കാം.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡ് അട്ടിമറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. അഞ്ചാം ദിനത്തിൽ പരമാവധി സെഷനുകൾ ബാറ്റ് ചെയ്ത് ബംഗ്ലാദേശിന് മുന്നിൽ പ്രതിരോധക്കോട്ട കെട്ടി സമനില നേടുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള പോംവഴി.