ധാക്ക: ക്രിക്കറ്റില്‍ പലതരത്തിലുള്ള പുറത്താകലുകള്‍ ഉണ്ടായിട്ടുണ്ട്. ഹിറ്റ് വിക്കറ്റുകളും നിര്‍ഭാഗ്യകരമായി റണ്ണൗട്ടുകളും മത്സരത്തിന്റെ വിധി നിര്‍ണയിച്ചിട്ടുണ്ട്. മിക്കതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. ഇന്നലെ വൈറലായത് ബംഗ്ലാദേശ് പ്രീമിയല്‍ ലീഗില്‍ (BPL) സംഭവിച്ച ഒരു റണ്ണൗട്ടാണ്.
പുറത്തായത് മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ താരം ആന്ദ്രേ റസ്സല്‍ (Andre Russell). ഗുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് വിന്‍ഡീസ് താരം റസ്സല്‍ നിര്‍ഭാഗ്യകരായി പുറത്താവുന്നത്. മുന്‍ ശ്രീലങ്കന്‍ താരം തിസാര പെരേരയെറിഞ്ഞ (Thisara Perera) 15-ാം ഓവറിലായിരുന്നു സംഭവം. തിസാരയുടെ പന്ത് തേര്‍ഡ്മാനിലേക്ക് തട്ടിയിട്ട് റസ്സല്‍ സിംഗിളിനായി ശ്രമിച്ചു.
പിന്നാലെ ബാറ്റിംഗ് എന്‍ഡിലേക്ക് ഫീല്‍ഡറുടെ നേരിട്ടുള്ള ഏറ് സ്റ്റംപിളക്കിയെങ്കിലും നോണ്‍സ്‌ട്രൈക്കിലുണ്ടായിരു മഹ്‌മുദുള്ള ഓടി ബാറ്റിംഗ് ക്രീസില്‍ ഓടിയെത്തിയിരുന്നു. എന്നാല്‍ നോണ്‍സ്‌ട്രൈക്ക് ക്രീസിലേക്ക് ഓടിയെത്തുകയായിരുന്ന റസ്സല്‍ പുറത്തായി. അവിടെയാണ് രസകരമായ സംഭവം നടത്തത്. ബാറ്റിംഗ് ക്രീസിലെ സ്റ്റംപില്‍ തട്ടിയ പന്ത് നേരെ ചെന്നിടിച്ചത് ബൗളിംഗ് എന്‍ഡിനെ സ്റ്റംപില്‍. റസ്സലാവട്ടെ ക്രീസിന് പുറത്തുമായിരുന്നു. അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. രസകരമായ വീഡിയോ കാണാം…
ഏഴ് റണ്‍സുമായിട്ടാണ് താരം മടങ്ങിയത്. അതിന് തൊട്ടുമുമ്പുള്ള പന്തില്‍ സിക്‌സ് നേടാന്‍ റസ്സലിനായിരുന്നു. മത്സരത്തില്‍ ഖുല്‍ന ടൈഗേഴ്‌സ് അഞ്ച് വിക്കറ്റിന് ജയിക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് മിനിസ്‌റ്റേഴ്‌സ് ഗ്രൂപ്പ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഖുല്‍ന ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.