ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം: കർശന നടപടി വേണമെന്ന് കാസർകോട് എംപി

0
235

കാസർകോട്: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എംപി രാജ് മോഹൻ ഉണ്ണിത്താൻ. റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട് നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലാണ് ദേശീയ പതാക (National flag) തല തിരിച്ചുയർത്തിയത്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ(Ahamed Devarkovil) പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം എകെ രാമചന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ജില്ലയിലെ എംപിയും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കളക്ടറുടെ ചുമതലയുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here