ദുബായിൽനിന്ന് കൊടുത്തയച്ച സാധനങ്ങൾ കിട്ടിയില്ല: കാസർകോട് സ്വദേശി പുറമേരിയിലെ ഗൾഫുകാരന്റെ വീട്ടിലെത്തി

0
339

നാദാപുരം : ദുബായിൽനിന്ന് കൊടുത്തയച്ച സാധനങ്ങൾ ലഭിച്ചില്ലെന്ന പരാതിയുമായി യുവാവ് പുറമേരിയിലെ ഗൾഫുകാരന്റെ വീട്ടിലെത്തി. വീട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് കാസർകോട്‌ സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവരങ്ങൾ ശേഖരിച്ച പോലീസ്, രണ്ടുപേർക്കും പരാതിയില്ലാത്തതിനെത്തുടർന്ന് കാസർകോട് സ്വദേശിയെ വിട്ടയച്ചു. ജനുവരി അഞ്ചിന് വൈകുന്നേരമാണ് കാസർകോട്‌ സ്വദേശി പുറമേരിയിലെ ഗൾഫുകാരന്റെ വീട്ടിലെത്തിയത്.

വിദേശത്തുനിന്ന്‌ കൊടുത്തയച്ച അരലക്ഷത്തോളം രൂപ വിലയുള്ള സാധനങ്ങൾ ഇതുവരെ നൽകിയില്ലെന്നാണ് പരാതി. വസ്ത്രങ്ങളും മറ്റുമാണ് കൊടുത്തയച്ചതെന്നാണ് കാസർകോട്‌ സ്വദേശി പറയുന്നത്. എന്നാൽ, പുറമേരി സ്വദേശിയായ യുവാവ് ദുബായിലാണുള്ളതെന്നും നാട്ടിൽ വന്നിട്ടില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്. കാസർകോട്ടുകാരൻ വന്ന കാര്യം വീട്ടുകാർ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാസർകോട്‌ സ്വദേശി ഒരുകിലോയിലധികം വരുന്ന സ്വർണം ദുബായിൽനിന്ന്‌ പുറമേരി സ്വദേശിക്ക് നൽകിയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പുറമേരി സ്വദേശി ഈ സ്വർണം നാട്ടിലെത്തി കാസർകോട് സ്വദേശിക്ക് നൽകേണ്ടതായിരുന്നു.

എന്നാൽ, അത് നൽകാതായതോടെയാണ് കാസർകോട്‌ സംഘം അന്വേഷണം ആരംഭിച്ചതെന്നുമാണ് പോലീസിന് ലഭിച്ച വിവരം. വിമാനത്താവളത്തിൽനിന്ന്‌ സ്വർണം നൽകാതെ പുറമേരി സ്വദേശി മുങ്ങിയതാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിൽ പുറമേരി സ്വദേശി സ്വർണം പൊട്ടിച്ചതാണെന്ന സംശയമാണ് കാസർകോട് സ്വദേശിക്കുള്ളത്.

ഗൾഫിൽനിന്ന് സാധനങ്ങൾ അയച്ചത് നൽകിയില്ലെന്നുമാത്രമാണ് കാസർകോട്‌ സ്വദേശി പോലീസിനോട് പറഞ്ഞത്. സ്വർണത്തെക്കുറിച്ച് ഒന്നുംപറഞ്ഞിട്ടില്ല. രണ്ടുപേർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here