ജില്ലയുടെ ആവശ്യം അംഗീകരിച്ചു; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം

0
218

കാസർകോട്​: കോവിഡ്​ ബാധിച്ച്​ ഇതര സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിനും​ ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവ്​. കാസർകോട്​ ജില്ലയിലെ സവിശേഷ സാഹചര്യം മുൻനിർത്തി കലക്ടർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്​ നൽകിയ കത്തി‍ൻെറ അടിസ്ഥാനത്തിലാണ്​ ഉത്തരവിറക്കിയത്​. കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റി‍ൻെറയും മരണ സര്‍ട്ടിഫിക്കറ്റി‍ൻെറയും അടിസ്ഥാനത്തില്‍ കോവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കാനാണ്​ ദുരന്ത നിവാരണ വകുപ്പി‍ൻെറ ഉത്തരവ്​.

ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് മൂലം മരിച്ചവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ കോവിഡ് മരണ സാക്ഷ്യപത്രം ലഭ്യമാക്കുന്നില്ലെങ്കില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ എക്‌സ്ഗ്രേഷ്യ ധനസഹായം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തുകക്കായി അപേക്ഷ സമര്‍പ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണം. കോവിഡ് സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍, കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകമാണ് മരണമെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് എക്‌സ്ഗ്രേഷ്യ നല്‍കുന്നതിന്​ ജില്ല കലക്ടര്‍മാർക്ക് അനുമതിയും നൽകി. അതത് ജില്ല കലക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി‍ൻെറ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഔദ്യോഗിക കോവിഡ് മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. 2021 ഒക്ടോബര്‍ 13വരെ കാസര്‍കോട്​ ജില്ലയിലെ 50 പേര്‍ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ മരിച്ചതായും ഇവരുടെ ബന്ധുക്കള്‍ക്ക് കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും മാത്രമാണുള്ളതെന്നും കലക്ടർ ദുരന്ത നിവാരണ വകുപ്പിനെ അറിയിച്ചിരുന്നു. കര്‍ണാടകയില്‍ നിന്ന്​ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കഴിഞ്ഞ ഒക്ടോബർ 20ന്​ കാസർകോട്​ കലക്ടർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്​ധ ചികിത്സക്ക്​ മംഗളൂരുവിലെ ആശുപത്രികളെയാണ്​ ജില്ലയിലുള്ളവർ കൂടുതലും ആശ്രയിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here