പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതൽ തന്നെ മുതിർന്നവർക്കുള്ള കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൗമാരക്കാരായ 15, 16, 17 വയസ് പ്രായമായ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്സീനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. കൊവിൻ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്സീൻ നല്‍കേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സീൻ സംസ്ഥാനത്ത് എത്തിക്കും. രജിസ്ട്രേഷൻ നടത്താത്തവര്‍ക്ക് വാക്സീനേഷൻ കേന്ദ്രങ്ങളിലും സ്പോര്‍ട്ട് രജിസ്ട്രേഷൻ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനെടുക്കാം. കൗമാരക്കാരുടെ വാക്സീനേഷൻ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാൻ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകസീനെടുക്കേണ്ടത്.
കൗമാരക്കാർക്കുള്ള വാക്സീൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇത് സംബന്ധിച്ച് വകുപ്പുതലത്തിൽ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നുവെന്നും രജിസ്ട്രേഷനിൽ ഉൾപ്പെടാത്ത കുട്ടികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.