കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് പ്രതികളും എൻഐഎയും നൽകിയ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. അതേ സമയം കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എൻഐഎ അപ്പീൽ നൽകിയത്.
2006 ലാണ് കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെ.എസ്ആർടിസി സ്റ്റാന്റിലും സ്ഫോടനം നടക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികൾ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.