തിരുവനന്തപുരം: കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് പിടിമുറുക്കിയതോടെ വീണ്ടും അടച്ചുപൂട്ടലിനു സമാനമായ സ്ഥിതിയിലേക്ക് കേരളം കടക്കുന്നു. നാളെ മുതല്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഇന്നു ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന്റേതാണ് തീരുമാനം.
സ്‌കൂളുകള്‍ പൂര്‍ണമായി അടക്കും.10, 11,12 ക്ലാസുകളിലും ഇനി ഓണ്‍ലൈന്‍ മാത്രമായിരിക്കും. നേരത്തെ ഒന്നു മുതല്‍ ഒമ്പതുവരേയുള്ള ക്ലാസുകള്‍ക്കായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍. എന്നാല്‍ ഇനി സ്‌കൂളുകള്‍ പൂര്‍ണമായി ഓണ്‍ലൈനായിരിക്കും. അതേ സമയം കോളേജുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
അടുത്ത രണ്ട് ഞായറാഴ്ച കടുത്ത ലോക്ഡൗണിനു സമാനമായിരിക്കും. അവശ്യ സര്‍വിസുകള്‍ മാത്രമേ അനുവദിക്കൂ. കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വിസുകള്‍ നടത്തുമെങ്കിലും സ്വകാര്യ ബസ് സര്‍വിസുകളുണ്ടാകില്ല.
ജില്ലകള്‍ക്ക് പ്രത്യേക നിയന്ത്രണമുണ്ടാകും. ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതിന് അധികാരം നല്‍കും. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രിക്കണം. തീവ്രവ്യാപനമുള്ളിടത്ത് പൊതുപരിപാടികള്‍ പാടില്ല.
ഇന്നു മാത്രം ആകാശത്തോളം ഉയര്‍ന്നിരിക്കുകയാണ് കൊവിഡ് ആശങ്ക; 46,000 കടന്നിരിക്കുകയാണ് കൊവിഡ്;ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്തും എറണാകുളത്തും പതിനായിരത്തോടടുത്തിരിക്കുന്നു കൊവിഡ് രോഗികള്‍. 32 മരണം സ്ഥിരീകരിച്ചു., അപ്പീല്‍ മരണം മാത്രം 309 കടന്നു. കുതിച്ചുയര്‍ന്നിരിക്കുകയാണ് ടി.പി.ആര്‍. ഇന്നത് 40.2 ശതമാനമായി.ഇന്നു മാത്രം പരിശോധിച്ചത് 1,15,357 സാമ്പിളുകളാണ്.
43,176 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ണായക തീരുമാനമെടുത്തത്.