ഉപ്പള: (mediavisionnews.in) ഉപ്പള കൈക്കമ്പയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി പൊലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി. ഉപ്പള മജലിലെ അയാസി(37)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഹൊസങ്കടിയില്‍ നടക്കുന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന വിവരമറിഞ്ഞ് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അയാസ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിനെയും മറ്റൊരു പൊലീസുകാരനെയും അക്രമിച്ച ശേഷം കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ഓടുന്നതിനിടെ അയാസിന് കുഴിയില്‍ വീണ് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ അയാസിനെ പൊലീസ് ആസ്പത്രിയിലെത്തിച്ചു. വെടിവെപ്പ് കേസിലെ മറ്റൊരു പ്രതിയായ അമീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് കൈക്കമ്പ ദേശീയ പാതയില്‍ ഇരു സംഘങ്ങള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ രാത്രി എട്ടു മണിയോടെ ആളുകള്‍ നോക്കിനില്‍ക്കെ തലങ്ങും വിലങ്ങും പരസ്പരം വെടിവെക്കുകയാണുണ്ടായത്. കേസില്‍ ഇനി രണ്ട് പേരെ പിടികൂടാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിതായും പൊലീസ് പറഞ്ഞു.