ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,35,000 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 250 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിൽ കേസുകൾ പതിനായിരത്തിന് താഴെയെത്തി. 5956 പേർക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.
എന്നാല്‍, തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കൊവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ 23,443 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ മരിച്ചു. ചെന്നൈയിൽ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആർ 17 ശതമാനമായി ർഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 241 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതിൽ 231 പേർ ആശുപത്രി വിട്ടു. ഇന്നലെ പുതിയ ഒമിക്രോൺ രോഗികളില്ല. പൊങ്കൽ ആഘോഷം കഴിഞ്ഞ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രോഗബാധ ഉയരുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധന കിറ്റ് വാങ്ങാൻ ഡോക്‌ടറിന്റെ കുറിപ്പ് നിർബന്ധമാക്കി. കൊൽക്കത്തയിൽ ആയിരത്തി എണ്ണൂറു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബംഗാളിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ച നിലനിർത്തുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. 150 കോടി ഡോസ് വാക്സിൻ നൽകുന്നതിലൂടെ ഇന്ത്യ ലോക രാജ്യങ്ങൾക്ക് നൽകുന്നത് പ്രതീക്ഷയുടെ പൂച്ചെണ്ട് ആണെന്നും അദ്ദേഹം ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ പറഞ്ഞു.