തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകൾ.
പത്തനംതിട്ടയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32 വയസും, 40 വയസും) യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28 വയസ്) വന്നതാണ്. ഒരാള്‍ക്ക് (51 വയസ്) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9 വയസ്) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37 വയസ്) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48 വയസ്) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 2474 പുതിയ കൊവിഡ് കേസുകൾ
കേരളത്തില്‍ ഇന്ന് 2474 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3052 പേര്‍ രോഗമുക്തി നേടി.
പുതിയ കൊവിഡ് കേസുകൾ
എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
തമിഴ്നാട്ടിൽ 11 ഒമിക്രോൺ കേസുകൾ കൂടി
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിലാകെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. നേരത്തേ 34 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇവിടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവിൽ ഒരാൾ ഇന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.