കാസർകോട്: കോവിഡ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നു തിരിച്ചെത്തുന്നവർ 7 ദിവസത്തെ ഹോം ക്വാറന്റീനു ശേഷം കോവിഡ് പരിശോധന നടത്തണമെന്നും തുടർന്നു വീണ്ടും 7 ദിവസം കൂടി ഐസലേഷനിൽ തുടരണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ല കോറോണ കോർ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഐസലേഷൻ സൗകര്യമുള്ള ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു ഡിഎംഒ(ആരോഗ്യം) അറിയിച്ചു.
പ്രധാന തീരുമാനങ്ങൾ:
രണ്ടാം ഡോസ് വാക്സീൻ 58.6% പേർ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ കൂടുതൽ പേരെ വാക്‌സിനേഷനു സന്നദ്ധരാക്കാൻ ഐഇസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇന്ന് വൈകിട്ട് 4നു കലക്ടറേറ്റിൽ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും.
∙ ജില്ലയിൽ കോവിഡ് സമ്പർക്ക വിവരശേഖരണ നിരക്ക് 1.25 മാത്രമാണെന്നും ഇതു വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.
∙ ചട്ടഞ്ചാൽ പിഎച്ച്സിയുടെ പരിധിയിൽ വാക്‌സിനേഷൻ സ്വീകരിച്ച പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ ഡാറ്റാ എൻട്രി നടത്തിയിട്ടില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത സംഭവത്തിൽ നടപടി സ്വീകരിക്കും.
∙ കേന്ദ്ര സർവകലാശാല പൂർണമായി പ്രവർത്തനം ആരംഭിച്ചതിനാൽ കോവിഡ് പരിശോധനാ ലാബ് മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുന്നതിനു ജനറേറ്റർ സജ്ജീകരിക്കുന്നതിന് എസ്ഡിആർഎഫിൽ നിന്നു ഫണ്ട് അനുവദിക്കുന്നതു സംബന്ധിച്ച വിഷയം അടുത്ത യോഗത്തിൽ പരിഗണിക്കും.
∙ ടാറ്റാ കോവിഡ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ ഭക്ഷണ വിതരണത്തിന് ആവശ്യമായ തുക തുടർന്നും എസ്ഡിആർഎഫിൽ നിന്ന് അനുവദിക്കും