ലോക്കല്‍ സെക്രട്ടറിയുടെ കൊല കൂടുതല്‍ വിവാദത്തിലേക്ക്; പൊലിസും സി.പി.എമ്മും രണ്ടുതട്ടില്‍, വ്യക്തിവൈരാഗ്യമെന്ന് പൊലിസ്; രാഷ്ട്രീയ കൊലപാതകമെന്ന് സി.പി.എം

0
286

തിരുവല്ല: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്. അതേ സമയം പൊലിസിന്റെ നിലപാടിനെ തള്ളി സി.പി.എം. രാഷ്ട്രീയ കൊലപാതകമാണെന്നും ആസൂത്രിത കൊലയാണ് നടന്നതെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. എന്നാല്‍ കൊലയില്‍ സംഘ് പരിവാറിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളില്‍ രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. സി.പി.എമ്മിന്റെ സഹായത്തോടെയാണ് പൊലിസ് പ്രതികളെ പിടികൂടിയത്.

അതേ സമയം സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, സന്ദീപിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.

പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയില്‍ കൊല്ലപ്പെട്ടത്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

ആര്‍.എസ്.എസ് ക്രിമിനലുകള്‍ ആസൂത്രിതമായാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഇന്നലെ പറഞ്ഞിരുന്നു. ജനകീയ നേതാവിനെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. ആര്‍.എസ്.എസിന്റെ കൊലക്കത്തിക്ക് മുന്നില്‍ സി.പി.എം മുട്ടുമടക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അതേ സമയം പൊലിസും സി.പി.എമ്മും രണ്ടു തട്ടിലായതോടെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് കേസ്. ബി.ജെ.പി പറയുന്നതാണ് പൊലിസിന്റെ ഭാഷ്യമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here