രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്‍ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ, രണ്ടു ബൈക്കുകൾ കണ്ടെത്തി

0
303

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ( (Renjith Murder) പത്ത് പേർ കസ്റ്റഡിയിൽ. ഇവരെല്ലാവരും എസ്ഡിപിഐ (SDPI) പ്രവർത്തകരാണ്. മൂന്നുപേർ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ. കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം, രണ്ട് ബൈക്കുകളും പൊലീസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ബൈക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്.

മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്കുകൾ. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്‍റെ നിഗമനം. ജില്ലയില്‍നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.  അതേസമയം ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.

സമാധാനം പുനസ്ഥാപിക്കാൻ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റിൽ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ഇന്നലെ നിശ്ചയിച്ച യോഗം ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ബിജെപി ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് സർവകക്ഷി സമാധാനയോഗം ഇന്നത്തേക്ക് മാറ്റിയത്. രഞ്ജിത്ത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിന്‍റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്നായിരുന്നു ബിജെപിയുടെ വിമർശനം.

കൂടിയാലോചനകൾ ഇല്ലാതെ കലക്ടർ സമയം തീരുമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. യോഗത്തിന് എത്തില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചതോടെ മൂന്ന് മണിയിൽ നിന്ന് അഞ്ചിലേക്ക് സമയം മാറ്റി. പക്ഷെ ബിജെപി സംസ്ഥാന അധ്യക്ഷൻ എതിർപ്പ് പരസ്യമാക്കിയതോടെ ആകെ ആശയക്കുഴപ്പമായി. എന്നാൽ എല്ലാവരും പങ്കെടുക്കണമെന്ന് കളക്ടർ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ടും ബിജെപി വഴങ്ങാതെ വന്നതോടെയാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here