മോഫിയ കേസ്: സമരം ചെയ്ത കോണ്‍ഗ്രസുക്കാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

0
296

ആലുവ: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തില്‍ മുനമ്പം ഡി.വൈ.എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പരാതിയിലാണ് ഇരുവരേയും ഡി.ഐ.ജി സസ്‌പെന്‍ന്റ് ചെയ്തത്.

മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

അല്‍ അമീന്‍ അഷ്‌റഫ്, നജീബ്, അനസ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

പൊതുമുതല്‍ സ്വത്തായ വരുണ്‍ (ജലപീരങ്കി) വാഹനത്തിന്റെ മുകളില്‍ മൂവരും കയറി നില്‍ക്കുന്ന ഫോട്ടോകള്‍ പ്രതികള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം വിശദമായി അന്വേഷിക്കുവാനും പ്രതികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോ എന്ന് അന്വഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ വിഷയത്തില്‍ കേരളാ പൊലീസിന് മുന്നറിയിപ്പുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തുവന്നിരുന്നു.

മുസ്‌ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസുകാരോട് വേണ്ടയെന്നും ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല. നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അതേസമയം, മോഫിയയുടെ കേസില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും സി.ഐ സുധീറിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്.

ഇതിനിടയില്‍ സി.ഐ സുധീറിനെ സസ്‌പെന്‍ന്റ് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ചതിന് ശേഷം കെ.എസ്.യു നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പൊലീസ് ആരോപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here