മുഖ്യമന്ത്രി പിണറായി വിജയനും വാഹന വ്യൂഹത്തിനും ഇനി കറുത്ത ഇന്നോവകൾ. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹറയുടെ നിർദ്ദേശ പ്രകാരമാണ് ഈ നിറം മാറ്റം. ഇതിനു വേണ്ടി നാല് പുതിയ ഇന്നോവകൾ പൊലീസ് വാങ്ങി എന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പൈലറ്റും എസ്കോർട്ടുമായി പോവാനാണ് നാല് പുതിയ കാറുകൾ വാങ്ങിയത്.
കാറുകൾ വാങ്ങാൻ പൊലീസിന് സ്പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു. സെപ്റ്റംബറിൽ 62.46 ലക്ഷം രൂപ അനുവദിച്ച് കൊണ്ടായിരുന്നു ഉത്തരവിറങ്ങിയത്. പുതിയ കാറുകൾ വരുന്നതോടെ നിലവിൽ ഉപയോഗിക്കുന്നവയിൽ രണ്ട് കാറുകൾ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാലാണ് കാറുകൾ മാറ്റുന്നത്. കെഎൽ 01 സിഡി 4764, കെഎൽ 01 4857 എന്നീ രജിസ്ട്രേഷൻ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, പൈലറ്റ് എസ്കോർട്ട് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കുന്നത്. ഇവയ്ക്ക് നാല് വർഷം പഴക്കമുണ്ട്.