തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യുണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ഭൂമി ഉടമയിൽ നിന്നു സമ്മതപത്രം വാങ്ങിയ ശേഷമാണ് ആധാറുമായി വിവരങ്ങൾ ബന്ധിപ്പിക്കുക.
ഭൂമി വിവരങ്ങളും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഓഗസ്റ്റ് 23നു കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം. യുണിക് തണ്ടപ്പേർ സംവിധാനം നടപ്പാകുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. ഇതോടെ രാജ്യത്ത് ആദ്യമായി യുണിക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.