പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന നിരക്ക്; മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വര്‍ധന

0
317

കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയോളം കൂട്ടിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് നിരക്ക് വർധന ഇരുട്ടടിയാണ്.

ക്രിസ്തുമസ് – പുതുവത്സര അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനെത്തിയ പ്രവാസികളാണ് വിമാന നിരക്ക് കൂട്ടിയതോടെ വെട്ടിലായത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലേക്ക് തിരിച്ച് പോകാന്‍ മൂന്ന് ഇരട്ടിയിലധികം തുക നല്‍കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

ശരാശരി മുപ്പതിനായിരം രൂപക്ക് മുകളിലാണ് ഗള്‍ഫ് മേഖലയിലേക്ക് ടിക്കറ്റ് നിരക്ക്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ മേഖലയിലേക്കുമുള്ള ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്. ചില വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്ക് 77 ആയിരം രൂപ വരെ ഇടാക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-ദുബായ് സര്‍വ്വീസിനായി ഈടാക്കുന്നത് 34500 രൂപയാണ്.

ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ കാരണം സീറ്റുകളുടെ കുറവുണ്ട്. ഇതും അവധിക്കാലമായതുമാണ് നിരക്ക് കൂടാന്‍ കാരണമെന്നാണ് വിമാന കമ്പനികളുടെ വിശദീകരണം. രണ്ടാഴ്ച കൂടി ഉയര്‍ന്ന നിരക്ക് തുടരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here