പിണറായി കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് അമ്പതോളം രാഷ്ട്രീയ കൊലപാതകങ്ങള്‍; ഈ വര്‍ഷം മാത്രം എട്ട്-ക്രൈം റെക്കോഡ്‌സ് ബ്യൂറോ, ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

0
346

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങള്‍. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടേതാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയതെന്നും ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 35 ദിവസത്തിനിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നാലുജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്(11). തൊട്ടുപിന്നില്‍ തൃശൂര്‍ (8).

2016 മേയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെ 19 ആര്‍.എസ്.എസ് /ബി.ജെ.പി പ്രവര്‍ത്തകരും 12 സി.പി.എം/ഡി.വൈ.എഫ്.ഐക്കാരും കൊല്ലപ്പെട്ടു.

നാല് കോണ്‍ഗ്രസ്/ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആറ് മുസ്‌ലിം ലീഗ്/യൂത്ത് ലീഗ് പ്രവര്‍ത്തകരും എസ്.ഡി.പി.ഐ രണ്ട്, ഐ.എന്‍.ടി.യു.സിഒന്ന്, ഐ.എന്‍.എല്‍ ഒന്ന് പ്രവര്‍ത്തകരും ഈ കാലയളവില്‍ കൊലക്കത്തിക്കിരയായി.

എറണാകുളത്ത് കാമ്പസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവും ഈരാറ്റുപേട്ടയില്‍ കൊല്ലപ്പെട്ട സി.പി.എം വിമതന്‍ കെ.എം. നസീറും ഈ പട്ടികയിലുണ്ട്.

ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതില്‍ പൊലിസിനും സ്‌പെഷല്‍ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കാനിടയാക്കിയത്.

നവംബര്‍ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പട്ടാപ്പകല്‍ ബൈക്കിടിച്ച് വീഴ്ത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്റെ കൊലപാതകമുണ്ടായപ്പോള്‍ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായെങ്കിലും ജില്ല പൊലിസ് മേധാവിമാര്‍ ഗൗരവമായെടുത്തില്ല.

മുന്‍കാലങ്ങളില്‍ പൊലിസ് സ്‌റ്റേഷനുകളില്‍നിന്ന് നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ജില്ല പൊലിസ് മേധാവിമാരുടെ ഓഫിസില്‍ തയാറാക്കാറുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനം സ്തംഭിച്ചിട്ട് രണ്ടുവര്‍ഷത്തിലേറെയായി. പകരം കൊവിഡ് കേസുകളുടെ വിവരശേഖരണം മാത്രമായി ഇവരുടെ ജോലി ഒതുങ്ങി. ഇതും സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തഴച്ചുവളരാനിടയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here