ഞങ്ങള്‍ രാഷ്ട്രീയ സംഘടന തന്നെ, ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, വീട്ടില്‍ മതി; മുഖ്യമന്ത്രിയോട് എം.കെ. മുനീര്‍

0
377

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലീഗ് എന്ത് ചെയ്യണമെന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ടെന്നും മുസ്‌ലിം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാല്‍ സഭയില്‍ ഇടപെടേണ്ട എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

‘ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടില്‍ മതി. ലീഗ് ഓടിളക്കിയല്ല നിയമസഭയിലെത്തിയത്,’ മുനീര്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ ലീഗ് സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണെന്നും മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയായി മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

‘നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന നില വന്നു. അതില്‍ ലീഗ് എം.എല്‍.എമാരും പങ്കെടുത്തു. ലീഗ് നേതാക്കന്‍മാര്‍ പറഞ്ഞ അഭിപ്രായമെന്താ? ഇത് ഇങ്ങനെ പാസായി പി.എസ്.സി നിയമനം വരുമ്പോള്‍ ഇപ്പോള്‍ അവിടെ നിലവില്‍ ജോലി എടുക്കുന്നവരുണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കണം എന്നായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഉള്ളവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനം ആകാമെന്നല്ലേ ലീഗ് പറഞ്ഞതിന്റെ അര്‍ത്ഥമെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാ ജനാധിപത്യപ്രക്രിയയും പൂര്‍ത്തീകരിച്ചു. അതിന് ശേഷമാണ് ഇതൊരു വികാരപരമായ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുന്നത്.

‘ലീഗിനോട് പറയാനുള്ള ഒരു കാര്യം നിങ്ങളാദ്യം നിങ്ങളാര് എന്ന് തീരുമാനിക്കണം എന്നാണ്. നിങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, അതാദ്യം വ്യക്തമാക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ കാര്യം വ്യക്തമാക്കിയതാണ്. മതസംഘടനകളില്‍ ചിലര്‍ ഞങ്ങളെ വന്ന് കണ്ടിരുന്നു. ഞങ്ങള്‍ക്കതില്‍ ഒരു വാശിയുമില്ല. നൂറിലധികം സ്ഥാനങ്ങളാണ് വഖഫ് ബോര്‍ഡിലുള്ളത്. അതേത് രീതിയില്‍ റിക്രൂട്ട് ചെയ്യണമെന്ന് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പിടിവാശിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മതസംഘടനകളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കത് ബോധ്യപ്പെട്ടു. ലീഗിന് മാത്രം ബോധ്യപ്പെട്ടിട്ടില്ലെന്നും ലീഗ് മുസ്‌ലിമിന്റെ അട്ടിപ്പേറവകാശം പേറി നടക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

‘ഇവര്‍ക്ക് (മുസ്‌ലിം ലീഗ്) ബോധ്യമല്ല പോലും. നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു? ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്യ്, ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല,’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ ലീഗ് കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here