തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിനെടുക്കാൻ 15, 16, 17 പ്രായവിഭാഗത്തിലുള്ള 15 ലക്ഷം കുട്ടികൾ. ജനനത്തീയതി അനുസരിച്ച് ആരോഗ്യനിലകൂടി ഉറപ്പാക്കിയായിരിക്കും കുട്ടികൾക്ക് വാക്സിൻ നൽകുക.
സ്കൂളുകൾതോറും വാക്സിനേഷൻ സൗകര്യം ഒരുക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്നു ലഭിക്കുന്ന മാർഗനിർദേശത്തിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
കേന്ദ്രത്തിൽനിന്നു വാക്സിൻ ലഭിക്കുന്നമുറയ്ക്ക് എത്രയുംവേഗം വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സിനേഷന് പ്രാധാന്യംനൽകും.
സംസ്ഥാനം പൂർണസജ്ജം
15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷനായി സംസ്ഥാനം പൂർണസജ്ജമാണ്. കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാൽ 18 വയസ്സിനു മുകളിൽ വാക്സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയുംവേഗം വാക്സിൻ സ്വീകരിക്കണം. ഒമിക്രോൺ പശ്ചാത്തലത്തിൽ എല്ലാവരും വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണം. -മന്ത്രി വീണാ ജോർജ്
ബൂസ്റ്റർ ഡോസ്: ആരോഗ്യപ്രവർത്തകർ 5.55 ലക്ഷം
ജനുവരി 10 മുതൽ ആരംഭിക്കുന്ന ബൂസ്റ്റർ ഡോസിന് അർഹതയുള്ള 5.55 ലക്ഷം ആരോഗ്യപ്രവർത്തകരാണ് സംസ്ഥാനത്തുള്ളത്. 60 വയസ്സുകഴിഞ്ഞ 59.29 ലക്ഷം പേരുമുണ്ട്. 60 വയസ്സിനു മുകളിലുള്ള, രോഗികളായവർക്കാണ് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. 5.71 ലക്ഷം കോവിഡ് മുൻനിരപ്രവർത്തകരുമുണ്ട്.
വാക്സിനേഷൻ: നിലവിലെ സ്ഥിതി
ആദ്യ ഡോസ്: 97.58 ശതമാനം-2,60,63,883.
രണ്ടാം ഡോസ്: 76.67 ശതമാനം-2,04,77,049
ആകെ നൽകിയ ഡോസ്: 4,65,40,932