കെ ടി ജലീൽ സമുദായത്തിന് ബാധ്യതയെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ

0
300

കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട കെ ടി ജലീലിന്‍റെ പ്രതികരണമാണ് എംഎസ്എഫ് നേതാവിനെ പ്രകോപിപ്പിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നതെന്നാണ് ഫാത്തിമ തഹ്‌ലിയ ആരോപിക്കുന്നത്.

വിഭിന്നമായ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ മുസ്ലീം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെങ്കിൽ മുസ്ലിം സമുദായത്തെ സുന്നി – സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി ജലീൽ നടത്തിപ്പോരുന്നതെന്നും ഫാത്തിമ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു. ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ ടി ജലീൽ സമുദായത്തിന് ബാധ്യതയായി  മാറുകയാണെന്നും ഫാത്തിമ ആരോപിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമയുടെ പ്രതികരണം. വഖഫ് ബോർഡ് നിയമന വിഷയത്തിൽ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ മന്ത്രി കെ ടി ജലീൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സമസ്തയിലെ തന്നെ മുസ്ലീം ലീഗ്  അനുകൂലികളായ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും അത് സർക്കാർ ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.

വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയായിരുന്നു. നിയമനം പിഎസ് സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാരിൻറെ പിന്മാറ്റം. നിയമസഭ  ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here