‘ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട’; സിപിഐഎമ്മിനോട് ലീഗ് മുഖപത്രം

0
275

ബിജെപിയുടെ ബി ടീമായി സിപിഐഎമ്മും നേതാക്കളും മാറിയെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. മുസ്ലീം ന്യൂനപക്ഷത്തിന് മേല്‍ കുതിര കയറുന്ന സിപിഐഎം നിലപാട് വേദനാജനകമാണെന്നും ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഐഎമ്മെന്നും ചന്ദ്രിക വിമര്‍ശിച്ചു. അധികാരത്തിന്റെ മധുരം നുണയാന്‍ ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സിപിഐഎം നേതാക്കള്‍ക്കുള്ളതെന്ന് പുതിയ നേതാക്കള്‍ വായിച്ച് മനസിലാക്കണം. ലീഗ് ഇല്ലായിരുന്നെങ്കില്‍ ഇ എം.എസിന് കേരളത്തില്‍ രണ്ടാമത് മുഖ്യമന്ത്രിയാവാന്‍ കഴിയുമായിരുന്നില്ലെന്നും മുഖ്യപ്രസംഗത്തില്‍ പറയുന്നു.

മുഖപ്രസംഗം പ്രസക്തഭാഗങ്ങള്‍: ”ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാണോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചതെങ്കില്‍ കുറേക്കൂടി കടന്ന് മുസ്ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ പോലും കോടിയേരി പാഴ്ശ്രമം നടത്തിയിരിക്കുന്നു.”

”1967ല്‍ അധികാരത്തിനുവേണ്ടി ആരോടൊത്താണ് സി.പി.എം കൂട്ടുകൂടിയതെന്ന് മറന്നതാണോ അതോ ഹിന്ദുത്വവര്‍ഗീയമേലാളന്മാരെ സുഖിപ്പിച്ച് നാലുവോട്ട് നേടാന്‍ വേണ്ടിയാണോ കോടിയേരി-പിണറായിയാദികളുടെ ഈ തീട്ടൂരം? 1964ല്‍ സി.പി.എമ്മും സി.പി.ഐയുമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അധികാരത്തിന്റെ മധുനുണയാന്‍ മുസ്ലിംലീഗ് നേതാക്കളുടെ തിണ്ണനിരങ്ങിയ പാരമ്പര്യമാണ് സ്വന്തം പാര്‍ട്ടിനേതാക്കള്‍ക്കെന്ന് പുതിയ നേതാക്കള്‍ വായിച്ച് മനസ്സിലാക്കണം.”

”മുസ്ലിംലീഗില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റാചാര്യന്‍ ഇ.എം.എസിന് രണ്ടാമതൊരി ക്കല്‍കൂടി മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നോ. നായനാരുടെ കാലത്തും 1985വരെ അഖിലേന്ത്യാലീഗുമായായിരുന്നില്ലേ സി.പി.എമ്മിന്റെ രാഷ്ട്രീയക്കൂട്ട്. ഇന്ന് പിണറായിവിജയന്‍ തുടര്‍ഭരണം നടത്തുമ്പോള്‍ ഏത് വര്‍ഗീയ പ്രതിനിധിയാണ് തന്റെ മന്ത്രിസഭയിലുള്ളതെന്ന് അദ്ദേഹം ഓര്‍ക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പിയാകാന്‍ ദലിതനായ ഡോ.ബി.ആര്‍ അംബേദ്കറിന് സാധിച്ചത് നിങ്ങളിന്ന് വര്‍ഗീയമുദ്രകുത്തുന്ന മുസ്ലിംലീഗ് സ്വന്തം സീറ്റ് ഒഴിഞ്ഞുകൊടുത്തിട്ടാണെന്നത് നിങ്ങള്‍ പഠിക്കാത്ത ചരിത്രത്തിലുണ്ട്.”

”അതുകൊണ്ട് മോദിസത്തിന്റെ ഇരകളായ മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റുകളുടെ ഒരിറ്റ് ആനുകൂല്യവും വേണ്ടെങ്കിലും അധികാരക്കെറിവിനാല്‍ അവരുടെ തലയില്‍ കയറി നിരങ്ങിയാല്‍ അതനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഉറക്കെവിളിച്ചുപറയാനുള്ള ത്രാണി മോദികാലത്തും ഈ സമൂഹത്തിന് അവശേഷിച്ചിട്ടുണ്ടെന്ന് കമ്യൂണിസ്റ്റുകള്‍ മറക്കരുത്. സ്വത്വത്തിനും അസ്തിത്വത്തിനും നിലനില്‍പിനുംവേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ വര്‍ഗസിദ്ധാന്തം വിളമ്പുന്ന മാര്‍ക്്‌സിസ്റ്റുകളാവും ലോകത്തെ ഏകവര്‍ഗീയപാര്‍ട്ടി. അതിനാല്‍ കാള്‍മാര്‍ക്‌സിന്റെ താടിവെച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയസര്‍ട്ടിഫിക്കറ്റ് എകെജി സെന്ററില്‍ സൂക്ഷിച്ചാല്‍ മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട.”

 

 

LEAVE A REPLY

Please enter your comment!
Please enter your name here