ജക്കാർത്ത: കിഴക്കൻ ഇന്ത്യോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായതായി യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അപകടകരമായ സുനാമിയ്ക്ക് സാദ്ധ്യതയുള്ളതായും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മോമേറെ നഗരത്തിന് നൂറ് കിലോമീറ്റർ വടക്കായി 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂകമ്പ ബാധിത പ്രദേശത്തിന് ആയിരം കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക് സാദ്ധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പസഫിക് സമുദ്രത്തിലെ റിങ്ങ് ഒഫ് ഫയർ എന്നറിയപ്പെടുന്ന പ്രദേശമാണ് ഇന്തോനേഷ്യയിലുണ്ടാകുന്ന ഭൂകമ്പങ്ങൾക്കും അഗ്നിപർവത സ്ഫോടനങ്ങൾക്കും കാരണം. 2004ൽ സുമാത്ര തീരത്ത് 9.1 തീവ്രതയിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഉണ്ടായ അതിഭീകര സുനാമിയിൽ ഇന്തോനേഷ്യയിൽ 170,000 പേരാണ് മരിച്ചത്. ഈ സുനാമിയിൽ മേഖലയിലുടനീളം 220,000 പേർക്കാണ് ജീവൻ നഷ്ടമായത്.
2018ൽ ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ ഹോളിഡേ ദ്വീപിലും സുംബാവയിലുമായി 550 കൂടുതൽ പേരാണ് മരിച്ചത്.