തിരുവനന്തപുരം: വഖഫ് സംരക്ഷണ റാലിക്കിടെ തനിക്കും കുടുംബത്തിനും നേരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്നും സംസ്‌കാരം കുടുംബത്തില്‍ നിന്ന് തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റിയാസിനേയും മകള്‍ വീണയേയും അധിക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങളുടെ സംസ്‌കാരം എന്താണെന്ന് കോഴിക്കോട്ടെ വേദിയില്‍ കേരളം കണ്ടതാണ്. എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര വലിയ അസഹിഷ്ണുത. വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്തിനാണ് ആ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടായത്. അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. ചെത്തുകാരനായതാണോ തെറ്റ്. ഞാനിതിന് മുമ്പ് പലവേദികളിലും പറഞ്ഞതാണ്. ആ ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ ആരെ തോണ്ടാനാണ് ഇത് പറയുന്നത്. ചെത്തുകാരന്റെ മകനാണെന്ന് കേട്ടാല്‍ പിണറായി വിജയന്‍ എന്ന എനിക്ക് വല്ലാത്ത വിഷമം ആകുമെന്നാണോ ചിന്തിക്കുന്നത്. നിങ്ങള്‍ പറഞ്ഞ മറ്റു കാര്യങ്ങളിലേക്ക് ഞാനിപ്പോള്‍ കൂടുതലൊന്നും കടക്കുന്നില്ല. ഓരോരുത്തരും അവരുടെ സംസ്‌കാരത്തിനനുസരിച്ച് കണ്ട് ശീലിച്ച കാര്യങ്ങള്‍ പറയുന്നതാണെന്നേ വിലയിരുത്താന്‍ പറ്റൂ. അത്തരം ആളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അമ്മേം പെങ്ങളേയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞയാള്‍ക്ക് അതുണ്ടോയെന്ന് സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി. അത്രയേ ഞാനിപ്പം പറയുന്നുള്ളൂ. നിങ്ങളുടെ ഈ വിരട്ടല്‍കൊണ്ടൊന്നും കാര്യങ്ങള്‍ നേടാമെന്ന് കരുതേണ്ട’, മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ നാല് വോട്ട് സമ്പാദിക്കാന്‍ കള്ളങ്ങള്‍ പടച്ചുവിടുന്ന രീതി മുസ്‌ലിം ലീഗിന് പണ്ടേയുള്ളതാണ്. ഇപ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. നിങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയാണോ മത സംഘടനയാണോ എന്നത് വ്യക്തമാക്കണണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ലീഗ് നേതാക്കള്‍ക്ക് വല്ലാതെ ഹാലിളകി. മുസ്‌ലിം വിഭാഗത്തില്‍ നല്ല അംഗീകാരമുള്ള സംഘടനകളുണ്ട്. സുന്നിവിഭാത്തില്‍ ജിഫ് രി തങ്ങളും കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാറും നേതൃത്വം കൊടുക്കുന്ന സംഘടനകള്‍. അതുപോലെ മുജാഹിദ് പോലുള്ള സംഘടനകള്‍. വഖഫ് ബോര്‍ഡ് പ്രശ്‌നം വന്നപ്പോള്‍ പ്രധാനപ്പെട്ട രണ്ടു സംഘടനകളുടെ നേതാക്കളും മുജാഹിദിന്റെ ഒരു വിഭാഗവും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയില്ല. ഇതിന് സര്‍ക്കാരല്ല തുടക്കം കുറിച്ചത് മറിച്ച് വഖഫ് ബോര്‍ഡാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല. എന്തുവേണമെന്ന് നമുക്ക് ചര്‍ച്ച ചെയ്യാമെന്നാണ് ഇവരോട് പറഞ്ഞത്. അതുവരെ ഇപ്പോള്‍ ഉള്ള സ്ഥിതി തുടരും. ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ വാക്ക് വിശ്വാസമാണെന്ന് ഈ സംഘടനകളെല്ലാം പറഞ്ഞു. ലീഗിന് മാത്രം വിശ്വാസമല്ല. അത് മാനസികാവസ്ഥയുടെ പ്രശ്‌നമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നോക്കിയത്.
തീരെ ആളില്ലാത്ത പ്രസ്ഥാനമൊന്നുമല്ല മുസ് ലിം ലീഗ്. എല്ലാ പ്രാദേശിക നേതൃത്വത്തോടും വിളിച്ച് പറഞ്ഞാണ് കോഴിക്കോട് ആളെ എത്തിച്ചത്. അത് ലീഗിന് കഴിയുന്നതേ ഉള്ളൂ. എന്നാല്‍ ആ ആളെ കണ്ട് അതാണ് മുസ്‌ലിം വികാരമെന്ന് തെറ്റിദ്ധരിക്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങള്‍ ചെയ്‌തോ എന്നാണ് നേരത്തെയും പറഞ്ഞത്. അതാരും വിലവെക്കാന്‍ പോകുന്നില്ല. മുസ്‌ലിം വിഭാഗത്തിന് ഞങ്ങളെടുക്കുന്ന നിലപാട് തിരിച്ചറിയാനാകും. ഏത് വര്‍ഗീയ പ്രശ്‌നം വരുമ്പോഴും ആദ്യ ഉയരുന്ന ശബ്ദം കേരളത്തിന്റേതാണ്. അത് മറക്കേണ്ട. ആ വ്യത്യാസം ഹൃദയംതൊട്ട് അറിഞ്ഞവരാണ് കേരളത്തിലെ മുസ്ലിം സഹോദരങ്ങള്‍. പഴയകാലത്തെ പോലെ നിങ്ങള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്നവരല്ല. നിങ്ങളുടെ കാലിനടിയിലെ മണ്ണ് ഒഴുകി പോകുന്നതിന് മറ്റു മാര്‍ഗങ്ങള്‍ നോക്കിയിട്ട് കാര്യമില്ല. നേരെയുള്ള ശുദ്ധമായ വഴികള്‍ നോക്കണം. കാപട്യംകൊണ്ട് നടക്കരുത്. അതാണ് ആദ്യം വേണ്ടത്. മുസ്ലിമിന്റെ അട്ടിപ്പോറവകാശം നിങ്ങള്‍ക്കല്ലെന്ന് ആവര്‍ത്തിക്കുന്നു.
മലപ്പുറത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടിങ് ശതമാനത്തില്‍ എത്ര വ്യത്യാസമുണ്ടെന്ന് നോക്കണം. കാലിന്റെ അടിയിലെ മണ്ണ് മെല്ലെ മെല്ലെ ഒഴുകിപോകുകയാണ്. അത് നിങ്ങളിലുള്ള വിശ്വാസ്യതയുടെ കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.