അന്ന് രോഹിത്തിനെ മാറ്റണമെന്ന് കോലി; ഇന്ന് കോലിയെ മാറ്റണമെന്ന് രോഹിത്തും

0
375

ച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വി.വി.എസ് ലക്ഷ്മണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍. ഒന്നിച്ച് ഒരേകാലത്ത് കളിച്ച് ഒരേ ഡ്രസ്സിങ് റൂം പങ്കിട്ടവര്‍. ഓരോരുത്തരും തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയവര്‍. എന്നാല്‍ അതില്‍ നിന്നെല്ലാം ഇവരെ വ്യത്യസ്തരാക്കുന്ന മറ്റൊരു കാര്യം അധികാരത്തര്‍ക്കം എന്നൊന്ന് ഇവരുടെ കാലത്ത് ഉണ്ടായിട്ടില്ല എന്നതാണ്.

സച്ചിനും ദ്രാവിഡും കുംബ്ലെയും ലക്ഷ്മണുമെല്ലാം ഗാംഗുലിക്ക് കീഴില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കളിച്ചവരാണ്. ഗാംഗുലിയാകട്ടെ പില്‍ക്കാലത്ത് ദ്രാവിഡിനും ധോനിക്കും കീഴില്‍ കളിച്ചു. അന്നൊന്നും കേട്ടിട്ടില്ലാത്ത ഒരു തര്‍ക്കത്തിനാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷിയാകുന്നത്.

താന്‍ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം 2021-ലെ ട്വന്റി 20 ലോകകപ്പിനു ശേഷം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പല മുറുമുറുപ്പുകളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം കൂടിയായപ്പോള്‍ പഴികേട്ടത് കോലിയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനത്തിനൊപ്പം അന്ന് കോലി മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. താന്‍ ഏകദിന – ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്ത് തുടര്‍ന്നും ഉണ്ടാകുമെന്ന്.

എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എത്തിയ ബിസിസിഐ പത്രക്കുറിപ്പ് ഏവരെയും ഞെട്ടിക്കുന്നതായി. സെലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു എന്നതായിരുന്നു അത്. ഇതോടെ ടീമിലെ പടലപ്പിണക്കവും അധികാരത്തര്‍ക്കവുമെല്ലാം വീണ്ടും ചര്‍ച്ചയായി.

സ്വമേധയാ സ്ഥാനമൊഴിയാനുള്ള അവസരം വിരാട് കോലിയ്ക്ക് ബി.സി.സി.ഐ. നല്‍കിയിരുന്നുവെന്നും ഇതിന് വഴങ്ങാതിരുന്നതോടെ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇതിന് പിന്നാലെ വന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ, ഏതു സമയവും പ്രതീക്ഷിച്ചിരുന്ന നടപടി അങ്ങനെ നടപ്പായി.

ബിസിസിഐ തീരുമാനം വന്നതോടെ നിരവധി ആരാധകരാണ് ബോര്‍ഡിന്റെ ഈ നടപടിക്കെതിരേ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് എതിരെ പോലും വിമര്‍ശനങ്ങളുണ്ടായി.

ഒടുവില്‍ രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ഗാംഗുലിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉണ്ടാകുന്നതിനോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറരുതെന്ന് തങ്ങള്‍ കോലിയോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍, കോലി അതിനോട് യോജിച്ചില്ലെന്നും കൂടി പറഞ്ഞ ഗാംഗുലി രംഗം ശാന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. രോഹിത് തന്നെ കോലിയിലെ ബാറ്റ്‌സ്മാനെ പുകഴ്ത്തി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ കോലി ഒരു വാക്ക് കൊണ്ടുപോലും പ്രതികരിച്ച് കണ്ടിട്ടില്ല.

പിന്നാലെ അടുത്ത വിവാദവുമെത്തി. ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു ഉപാധി വെച്ചു എന്നതായിരുന്നു അത്. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമായി ഏറ്റെടുക്കാനാകില്ലെന്നും ഏകദിന ടീമിന്റെ ചുമതല കൂടി നല്‍കിയെങ്കില്‍ മാത്രമേ താന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ളൂ എന്നതായിരുന്നു രോഹിത്തിന്റെ പിടിവാശി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല സാഹചര്യം. കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബറില്‍ മറ്റൊരു വിവാദമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി ഉയര്‍ന്നത്. അന്ന് രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സെലക്ഷന്‍ കമ്മിറ്റിയോടായിരുന്നു കോലിയുടെ ഈ ആവശ്യം.

രോഹിത്തിന് 34 വയസായെന്നും ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി രോഹിതിന് പകരം കെ.എല്‍ രാഹുലിനെ ഏകദിനത്തിലും ഋഷഭ് പന്തിനെ ട്വന്റി 20യിലും വൈസ് ക്യാപ്റ്റന്‍ ആക്കണമെന്നുമുള്ള നിര്‍ദേശമാണ് കോലി സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ വെച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കമ്മിറ്റിയില്‍ തന്നെ ഇക്കാര്യം സംബന്ധിച്ച് ഭിന്നതയുണ്ടായി. അന്ന് കമ്മിറ്റി രോഹിത്തിനൊപ്പം നിന്നതിന്റെ തെളിവായിരുന്നു ട്വന്റി 20 ലോകകപ്പില്‍ അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനായി തുടര്‍ന്നത്. ഇതിനു ശേഷമാണ് കോലി ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഇപ്പോള്‍ ഒരു സാഹചര്യം വന്നപ്പോള്‍ രോഹിത് കോലിക്കെതിരെ തിരിഞ്ഞതാകാം കോലിയുടെ നായകസ്ഥാനം തന്നെ തെറിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

കോലി – രോഹിത് ബന്ധത്തിലെ വിള്ളല്‍ കഴിഞ്ഞ കുറേകാലമായി ഇന്ത്യന്‍ ക്രിക്കറ്റിലെ സജീവ ചര്‍ച്ചയാണ്. എന്നാല്‍ ഇവരുടെ അഭിപ്രായഭിന്നത ടീമിന്റെ പ്രകടനത്തെയും സന്തുലിതാവസ്ഥയേയും ബാധിക്കുന്ന തലത്തിലേക്കാണ് കടന്നിരിക്കുന്നത്. 2017-ല്‍ കോലി ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം ആരംഭിച്ച പോര് 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പരാജയത്തോടെ മുറുകി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം കൂടി ഉയര്‍ത്തിയതോടെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് രോഹിത്തിന്റെ പേര് ആരാധകര്‍ ഉയര്‍ത്തിക്കൊണ്ടുവരാനാരംഭിച്ചു. വൈകാതെ രോഹിത് ടെസ്റ്റ് ടീമിലെ സ്ഥിരാംഗവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരവുമായി. സഹതാരങ്ങളുമായി തന്നേക്കാള്‍ മികച്ച ബന്ധം രോഹിത്തിന് സ്ഥാപിക്കാന്‍ സാധിച്ചതും കോലിക്ക് തിരിച്ചടിയായി മാറി.

കോലിയും അന്നത്തെ കോച്ച് രവി ശാസ്ത്രിയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും അത് ടീം അംഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്നുമുള്ള തരത്തില്‍ വരെയെത്തി ആരോപണങ്ങള്‍. ടീം തിരഞ്ഞെടുപ്പിലും ബാറ്റിങ് ഓര്‍ഡറിലുമടക്കം ഇരുവരും ഏകപക്ഷീയമായി പെരുമാറുന്നതായി ആരോപണമുയര്‍ന്നു. അന്ന് അശ്വിന് ടീമില്‍ ഇടം നഷ്ടമായതും ഇന്ന് താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിലെ സ്ഥാനം തിരികെ പിടിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

പ്രത്യക്ഷത്തിലല്ലെങ്കിലും ഇരുവരുടെയും പോര് ടീമിനെ ഒന്നാകെയാണ് ബാധിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റെടുത്തതും ദ്രാവിഡും രോഹിത്തുമായുള്ള മികച്ച ബന്ധവും കോലിക്ക് ഒരുപക്ഷേ തിരിച്ചടിയായേക്കാം. ബാറ്റിങ് ഫോം വീണ്ടെടുത്തില്ലെങ്കില്‍ കോലിക്ക് വരുംനാളുകളില്‍ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടാലും അദ്ഭുതപ്പെടാനില്ല. എങ്കിലും കോലി എന്ന ബാറ്റ്‌സ്മാനെ ടീമിന് ആവശ്യമാണ്. പടലപ്പിണക്കങ്ങള്‍ തീര്‍ത്ത് ഇരുവരെയും ഒന്നിച്ച് കൊണ്ടുപോകേണ്ടത് ടീമിന്റെ ആവശ്യമാണ്. പ്രത്യേകിച്ചും അടുത്തടുത്ത് രണ്ട് ലോകകപ്പുകള്‍ വരുന്ന സാഹചര്യത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here