സി.എമ്മിന്റെ അനുഭവമുണ്ടാകുമെന്നാണ് പറയുന്നത്, അതുകൊണ്ടൊന്നും പിന്നോട്ടില്ല; വധഭീഷണിയുണ്ടെന്ന് മുത്തുക്കോയ തങ്ങള്‍

0
338

കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ട്.

അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി.എമ്മിന്റെ അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം പല വിവരമില്ലാത്തവരും വിളിച്ചുപറയുന്നുണ്ട്.

ഞാന്‍ പറയാന്‍ പോകുകയാണ് അങ്ങിനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍ ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി.

ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ഞാന്‍ ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ് ചെയ്യട്ടെ,’ അദ്ദേഹം പറഞ്ഞു.

ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയായിരുന്നു കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം പറഞ്ഞത്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടിരുന്നു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ചു സമരപരിപാടികള്‍ക്ക് മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്യുന്നതിനിടയില്‍ സമരത്തിനെതിരെ ജിഫ്രി തങ്ങള്‍ പരസ്യനിലപാട് എടുത്തിരുന്നു. തുടര്‍ന്ന് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച് പ്രതിഷേധ റാലിയിലും ജിഫ്രി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here