തിരുവല്ല: സന്ദീപ് വധക്കേസിൽ അഞ്ചാംപ്രതി വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുനെക്കുറിച്ചും പോലീസ് അന്വേഷണം. കൊലപാതകം നടന്ന രാത്രിയിലാണ് വിഷ്ണു സുഹൃത്തുമായി ഫോൺ സംഭാഷണം നടത്തിയത്.
തങ്ങൾ അഞ്ചുപേർ ചേർന്നാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ട്. ജിഷ്ണു ഒഴിച്ച് പ്രതികളിലെ മൂന്നുപേർക്ക് പകരം ഡമ്മി ആൾക്കാരെ നൽകാമെന്ന് മിഥുൻചേട്ടൻ ഏറ്റിട്ടുണ്ടെന്ന് വിഷ്ണു സംഭാഷണത്തിനിടയ്ക്ക് പറഞ്ഞിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുളള ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് മിഥുൻ എന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇയാളുടെ സഹോദരൻ റോജനൊപ്പം ജിഷ്ണുവും മറ്റും ജയിലിൽ കിടന്നിട്ടുണ്ട്. ഗൂഢാലോചനയിൽ മിഥുൻ പങ്കാളിയാണോയെന്ന് അന്വേഷിക്കും.
പോലീസ് കസ്റ്റഡിയിൽ ലഭിച്ച ഒന്നാംപ്രതി ജിഷ്ണു കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മൻസൂർ, വിഷ്ണു എന്നിവരെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തിനിടയിൽ പത്തുമിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂർത്തിയായി. സന്ദീപിനെ ആക്രമിച്ച വൈപ്പിനാരിൽ പുഞ്ചയിലെ കലുങ്കും വെള്ളക്കെട്ടും പ്രതികൾ കാട്ടിക്കൊടുത്തു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളിൽ ഒന്നായ കഠാര മൂന്നുപ്രതികൾ ഒളിവിൽ താമസിച്ചിരുന്ന കരുവാറ്റയിലെ വീട്ടിൽനിന്ന് കണ്ടെത്തി. വടിവാൾ അഞ്ചാംപ്രതി വിഷ്ണുവിന്റെ നിരണം ഇരതോടിന് അടുത്തുള്ള ബന്ധുവീട്ടിൽനിന്നാണ് കണ്ടെത്തിയത്.
പോലീസ് കാസർകോട്ടേക്ക്
നാലാം പ്രതിയായ മൻസൂറിന്റെ പേരും വിലാസവും ഉറപ്പാക്കാൻ ബുധനാഴ്ച പ്രതിയുമായി കാസർകോട്ടേക്ക് പോലീസ് പോകും. മൻസൂറിന്റെ രാഷ്ട്രീയബന്ധങ്ങൾ, ക്രിമിനൽ കേസുകൾ എന്നിവയും പരിശോധിക്കുമെന്ന് ഡി.വൈ.എസ്.പി. ടി. രാജപ്പൻ പറഞ്ഞു.