2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ ആവേശഭരിതമാക്കിയ സംഭവമായിരുന്നു മലയാളി പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളര്‍ ആന്ദ്രെ നെല്ലും തമ്മിലെ പോര്. വാക്കുകള്‍ കൊണ്ട് ചൊടിപ്പിച്ച നെല്ലിനെ സിക്‌സര്‍ പറത്തിയശേഷമുള്ള ശ്രീശാന്തിന്റെ ഡാന്‍സ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ പര്യടനം വിരുന്നെത്തുമ്പോള്‍ ആ സംഭവം ശ്രീശാന്ത് ഓര്‍ത്തെടുക്കുന്നു.
നെല്‍ എന്നോട് എന്താണ് പറഞ്ഞതെന്ന് പലര്‍ക്കും അറിയില്ല. അയാള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ ഞാന്‍ അഞ്ച് വിക്കറ്റ് പിഴുതിരുന്നു. നെല്‍ ക്രീസിലെത്തിയപ്പോള്‍ എന്നെ സിക്‌സ് അടിച്ചു. അക്ഷരാര്‍ത്ഥത്തില്‍ നെല്‍ എന്നെ ഉന്നമിടുകയായിരുന്നു. അയാള്‍ ബാറ്റ് ചെയ്യുമ്പോഴാണ് എല്ലാം തുടങ്ങിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഞാന്‍ ബാറ്റിംഗിനെത്തിയ നേരം,’ എന്നെ മാനസികമായി തകര്‍ക്കാന്‍ നീ പോരെന്ന്’ നെല്‍ പറഞ്ഞു- ശ്രീശാന്ത് വെളിപ്പെടുത്തി.
അരികിലേക്ക് വന്ന നെല്‍ ‘നിനക്ക് ഹൃദയമില്ലെന്നും നീ പോരെന്നു’ എന്നോട് കയര്‍ത്ത് പറഞ്ഞു. പിന്നീടും മോശം വാക്കുകള്‍ നെല്‍ ഉരുവിട്ടു. അതിനാല്‍ നെല്ലിനെ സിക്‌സ് പറത്തിയപ്പോള്‍ മനസില്‍ തോന്നിയത് ചെയ്തു. അതിനെ നൃത്തമെന്നാണ് എല്ലാവരും വിളിച്ചത്. എന്നാല്‍ അതു ഡാന്‍സ് അല്ല കുതിരയെ ഓടിക്കുന്നതിനെ സൂചിപ്പിക്കുന്ന ആഘോഷമായിരുന്നു. ഞാന്‍ അപ്പോള്‍ ചെയ്തത് ശരിയാണെന്നാണ് എനിക്ക് തോന്നിയത്. 2002 നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ സൗരവ് ദാദ ചെയ്തതിന് ഏറെക്കുറെ സമാനമായിരുന്നു അതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.