യൂസഫലി വാക്ക് പാലിച്ചു; ജപ്തി ഒഴിവായി, ആമിനയ്ക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം

0
378

കാഞ്ഞിരമറ്റം: ആമിന ഉമ്മയ്ക്ക് ഇനി ജപ്തിഭീഷണിയില്ലാതെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം. ജപ്തി തീര്‍ത്ത് ബാങ്കില്‍ നിന്നും ആധാരം തിരിച്ചെടുത്ത് കൈയ്യില്‍ കിട്ടിയപ്പോള്‍ ആമിനയ്ക്കും ഭര്‍ത്താവ് സെയ്ദ് മുഹമ്മദിനും കണ്ണുകളെ വിശ്വസിക്കാനായില്ല. പനങ്ങാട് രക്ഷാപ്രവര്‍ത്തകരെ കാണാനെത്തിയ എം.എ.യൂസുഫലിയോട് ആമിന വീട് ജപ്തിഭീഷണിയിലാണെന്ന കാര്യം സൂചിപ്പിച്ചിരുന്നു. ‘വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ, ഞാന്‍ നോക്കിക്കോളാം’ എന്ന് അദ്ദേഹം നല്‍കിയ വാക്കാണ് ആമിനയ്ക്കും കുടുംബത്തിനും കൈത്താങ്ങായത്.

ആമിന തൊഴിലുറപ്പ് ജോലിയ്ക്ക് പോയതിനിടെയാണ് ആരോ കാണാന്‍ വന്നിരിക്കുന്നതറിഞ്ഞു വീട്ടിലേക്കു വന്നത്. തങ്ങള്‍ ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് പറഞ്ഞപ്പോഴും ആമിനയ്ക്ക് ആരാണെന്നു മനസ്സിലായില്ല. യൂസഫലി ഉറപ്പ് നല്‍കിയതനുസരിച്ച് കീച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പയും കുടിശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ചുതീര്‍ത്തതായി ജീവനക്കാര്‍ ആമിനയോടു പറഞ്ഞു. വായ്പാ അടവും പലിശയും ബാങ്കില്‍ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു. ഒരു നിമിഷം ആശ്ചര്യപ്പെട്ടു നിന്ന ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു. ജപ്തി ഭീഷണി നീങ്ങിയതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ആമിന നന്ദി പറഞ്ഞു.

amina

പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോടു നേരിട്ടു പറയുമ്പോള്‍ എല്ലാ വിഷമങ്ങള്‍ക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. ക്യാന്‍സര്‍ രോഗബാധിതനായ ആമിനയുടെ ഭര്‍ത്താവ്‌ സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങള്‍ക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം കൈമാറി. ബാങ്കില്‍ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാര്‍ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്റെയും മുഖങ്ങളില്‍.

ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നാണ് വീടിരിക്കുന്ന സ്ഥലം പണയം വച്ചു നേരത്തെ വായ്പ എടുത്തത്. മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകള്‍ വഴിയും അടവു മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 2,14,242 രൂപയും പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കില്‍ കെട്ടിവച്ചത്. വായ്പയ്ക്കു വേണ്ടി ബാങ്കിന്റെ പേരിലാക്കിയ ഭൂമിയുടെ രേഖകള്‍ ഉടനെ തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നല്‍കും.

ഹെലികോപ്റ്റര്‍ അപകട സമയത്ത് ജീവന്‍ രക്ഷിച്ച രാജേഷിന്റെ കുടുംബത്തിനു നന്ദി പറയാന്‍ ഇന്നലെ പനങ്ങാട് എത്തിയപ്പോഴാണ് തന്റെ സങ്കടം അറിയിക്കാന്‍ ആമിന ഉമ്മ യൂസഫലിക്ക് മുന്നിലെത്തിയത്. ആമിനയുടെ വിഷമം ചോദിച്ച് മനസിലാക്കിയ ഉടന്‍ ബാങ്കില്‍ പണം കെട്ടിവച്ച് എത്രയും വേഗം ജപ്തി ഭീഷണി ഒഴിവാക്കാന്‍ ലുലു ഗ്രൂപ്പ് ജീവനക്കാരോട് യൂസഫലി നിര്‍ദ്ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here