കണ്ണൂർ: ബി.ജെ.പി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയിൽ പ്രതിഷേധം ശക്തമായതോടെ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ ആറാം തീയ്യതി വരെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പ്രകടനങ്ങളും നിരോധിച്ചു.
യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയത്. അഞ്ച് നേരം നമസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല തുടങ്ങിയവയായിരുന്നു റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ. ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി പുതിയ ബസ്സ്റ്റാൻഡിലെ പൊതുസമ്മേളന വേദിക്കരികിലാണ് സമാപിച്ചത്.
ഇതിന് മറുപടിയായി ഡി.വൈ.എഫ്.ഐ, യൂത്ത്ലീഗ്, കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകൾ ബി.ജെ.പി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.
ഈ പ്രതിഷേധങ്ങൾക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും പ്രകടനം നടത്താൻ ബി.ജെ.പി ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.