കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ അടക്കം 5 പ്രതികൾക്ക് എറണാകുളം സിജെഎം കോടതി നോട്ടിസയച്ചു. ഈ മാസം 15നു കോടതിയിൽ ഹാജരാകാനാണു നോട്ടിസ്. ഡിസംബർ 1നാണു സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെ സിബിഐ കേസിൽ പ്രതി ചേർത്തത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കുകയും പ്രതികൾക്കു സംരക്ഷണം നൽകുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണു കെ.വി.കുഞ്ഞിരാമനെ ഇരുപതാം പ്രതിയായും മറ്റുള്ളവരെ യഥാക്രമം 21 മുതൽ 24 വരെ പ്രതികളായും സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ആകെ 24 പേരാണു കേസിലെ പ്രതികൾ. നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരുമടക്കം 19 പേരാണ് ആകെ അറസ്റ്റിലായത്. ഇതിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത 3 പേർ ജാമ്യത്തിലിറങ്ങി. സിബിഐ അറസ്റ്റ് ചെയ്ത 5 പേരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികൾ 33 മാസമായി കണ്ണൂർ സെൻട്രൽ ജയിലിലും സിബിഐ അറസ്റ്റ് ചെയ്തവർ കാക്കനാട് ജയിലിലുമാണ് ഇപ്പോൾ ഉള്ളത്.