കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ (Petroleum products) ഇപ്പോൾ ജിഎസ്‍ടി (GST) പരിധിയിലാക്കാനാകില്ലെന്ന് ജി എസ് ടി കൗൺസിൽ (GST Council). കേരള ഹൈക്കോടതിയിലുളള (Kerala High Court) ഹർജിയിലാണ് ജി എസ് ടി കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് കാലമെന്നതടക്കമുള്ള (Covid 19) മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് പെട്രോളിയം ഉത്പന്നങ്ങൾ ഇപ്പോൾ ജിഎസ്‍ടി പരിധിയിലാക്കാനാകില്ലെന്നാണ് കൗൺസിൽ അറിയിച്ചത്. പെട്രോളിയം ഉത്പന്നങ്ങൾ ഇപ്പോൾ പ്രധാന വരുമാന മാർഗം ആണെന്നതാണ് ഒരു കാരണമായി കൗൺസിൽ പറഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യം ഉണ്ടെന്ന് മറ്റൊരു കാരണമായി കൗൺസിൽ ചൂണ്ടികാട്ടി.
എന്നാൽ കൗൺസിലിന്‍റെ മറുപടിയിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. കൊവിഡ് കാലത്തും സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. എന്ത് കൊണ്ട് പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവരാൻ പറ്റില്ല എന്നുള്ളതിന് കൃത്യമായ മറുപടി പറയാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഡിസംബർ രണ്ടാം ആഴ്ച ഹർജി വീണ്ടും പരിഗണിക്കും.
പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ നേരത്തെ സംസ്ഥാനങ്ങളടക്കം എതിർത്തിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിൽ ജിഎസ്ടി കൗൺസിൽ യോഗം വിഷയം ചർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർത്തിരുന്നു. ഇതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു. വിഷയം ചർച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിർദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോഗം അന്ന് നീട്ടിവച്ചത്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നതാണ് കേരളമടക്കുള്ള സംസ്ഥാനങ്ങളുടെ പ്രഖ്യാപിത നിലപാട്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടികാട്ടുന്നത്.