അബുദാബി: പുതുവര്‍ഷാഘോഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും കൈവശമുണ്ടാകണം.
ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആഘോഷ പരിപാടികളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ ടെസ്റ്റ് എടുത്താല്‍ 14 ദിവസത്തേക്ക് അല്‍ ഹൊസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍പാസ് ലഭിക്കും. ഇത് കൂടാതെ 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉള്ളവര്‍ക്കാണ് ആഘോഷ പരിപാടികളില്‍ പ്രവേശനം അനുവദിക്കുക.
പ്രവേശന കവാടത്തില്‍ ഇഡിഇ സ്‌കാനറില്‍ ശരീരോഷ്മാവ് പരിശോധിക്കണം. 60 ശതമാനം ശേഷിയില്‍ മാത്രമെ ആളുകളെ പങ്കെടുപ്പിക്കാവൂ, മാസ്‌കും ഒന്നര മീറ്റര്‍ സാമൂഹിക അകലവും നിര്‍ബന്ധം, കുടുംബാംഗങ്ങള്‍ക്കിടയില്‍ അകലം ആവശ്യമില്ല, പ്രവേശനത്തിനും തിരികെ പോകാനും വ്യത്യസ്ത കവാടം വേണം, ആഘോഷ പരിപാടി നടക്കുന്ന സ്ഥലം അണുവിമുക്തമാക്കണം, സാനിറ്റൈസറുകള്‍ ഭ്യമാക്കണം, മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ കര്‍മസമിതിയെ നിയോഗിക്കണം എന്നിവയാണ് അധികൃതര്‍ പുറപ്പെടുവിച്ച മറ്റ് നിബന്ധനകള്‍.