കാസർകോട് ∙ ദേശീയപാതാ നിർമാണത്തിൽ തലപ്പാടി–ചെങ്കള റീച്ചിൽ ആദ്യത്തെ 10 കിലോമീറ്ററിൽ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമം. തലപ്പാടിയിൽ ആർടിഒ ഓഫിസ് കെട്ടിടവും ജിഎസ്‌ടി ഓഫിസും മാറ്റി. ഡിടിപിസി കെട്ടിടം, മൃഗ സംരക്ഷണ വകുപ്പ് ഓഫിസ്, എക്‌സൈസ് ചെക്ക് പോസ്‌റ്റ് എന്നിവയും ഉടൻ മാറ്റും. പിന്നിലുള്ള സ്ഥലത്തേക്കാണ് ഓഫിസ് മാറ്റിയത്. തലപ്പാടിയിൽ നിന്നാണ് പണി ആരംഭിക്കുക.
ഇവിടെ മരം മുറിക്കലും ഭൂമി നിരപ്പാക്കലും പൂർത്തിയായി. ഡിടിപിസിക്ക് തലപ്പാടിയിൽ ഒരേക്കർ സ്ഥലമുണ്ട്. ഇവിടെയുള്ള കെട്ടിടം പൂർണമായും പൊളിച്ച് മാറ്റണം. കുഞ്ചത്തൂരിലെ പിഎച്ച്‌സിയും മാറ്റണം. അതിർത്തി തിരിച്ചുള്ള ഭൂമി നിരപ്പാക്കൽ എതാണ്ട് പൂർത്തിയായി. സർവീസ് റോഡാണ് ഈ ഭാഗത്ത് ആദ്യം നിർമിക്കുക. ഇതിനായി ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. കാസർകോട് മേൽപാലം നിർമാണത്തിന്റെ പൈലിങ് ഈ മാസം തുടങ്ങും.