കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം; ഹരജിക്കാരന് പിഴയടക്കാന്‍ സഹായവുമായി സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍

0
293

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹരജിക്കാരന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട സംഭവത്തില്‍ പുതിയ ക്യാംപെയ്തുമായി സോഷ്യല്‍ മീഡിയ.

‘ഒരു രൂപ ചാലഞ്ച്’ എന്ന പേരിട്ടിരിക്കുന്ന ക്യാംപെയ്‌നില്‍, ആളുകള്‍ ഹരജിക്കാരന് ഒരു രൂപ വീതം പിരിച്ച് നല്‍കാനാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷം ആളുകള്‍ ഒരു രൂപ വീതം നല്‍കിയാല്‍ ക്യാംപെയ്ന്‍ വിജയിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ക്യാംപെയ്‌ന്റെ ഭാഗമായി നിരവധിയാളുകള്‍ ഒരു രൂപ ചാലഞ്ച് ഏറ്റെടുക്കുകയും ഹരജിക്കാരന് ഒരു രൂപ വീതം നല്‍കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപറമ്പിലിനാണ് കോടതി പിഴശിക്ഷ വിധിച്ചത്.

ആറാഴ്ച്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനാണ് കോടതിയുടെ നിര്‍ദേശം. ഹരജിക്കാരന്റേത് തീര്‍ത്തും ബാലിശമായ ഹരജിയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പണം കൊടുത്ത് വാക്സിനെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഹരജിക്ക് പിന്നില്‍ പൊതുതാല്‍പര്യമല്ല പ്രശസ്തി താല്‍പര്യമാണെന്ന് കോടതി പറഞ്ഞു. കോടതികളില്‍ മറ്റ് ഗൗരവമുള്ള കേസുകള്‍ കിടക്കുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തില്‍ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കുവഴിയിലൂടെയല്ല. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹവുമൊരു പ്രധാനമന്ത്രിയായിരുന്നു. ആ സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നുമാണ് കോടതി ഹരജിക്കാരനോട് ചോദിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here