സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ഉത്സവങ്ങളും പൊതുചടങ്ങുകളും നടത്താന്‍ ഇളവുകള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
തുറന്ന ഇടങ്ങളില്‍ 300 പേര്‍ക്ക് വരെ പരിപാടികളില്‍ ഇനി മുതല്‍ പങ്കെടുക്കാം. ഹാളുകളില്‍ 150 പേര്‍ക്ക് വരെയാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹം, മരണാന്തര ചടങ്ങുകളില്‍ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. അതേസമയം സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡാന്തര രോഗങ്ങളെ കുറിച്ച് അധ്യാപകരില്‍ പൊതുധാരണയുണ്ടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇന്ന് 2434 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 50,446 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.