എസ്ഡിപിഐ പ്രവർത്തകരെ ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കും; വിജയ് സാഖറേ

0
338

ആലപ്പുഴ: എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പൊലീസ് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ബിജെപി നേതാവ് രൺജീത് വധത്തിൽ പിടിയിലായ അഞ്ചുപേർ കൊലപാതകികളെ സഹായിച്ചവർ ആണ്. കൊലയാളി സംഘങ്ങളിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തിരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ്, കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച്  എസ്ഡിപിഐ പരാതിയും നൽകിയിരുന്നു.

ഗൂഢാലോചനയിൽ പങ്കാളികളായ മണ്ണഞ്ചേരി സ്വദേശികളാണ് രൺജീത് വധത്തിൽ പിടിയിലായത്. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് പിടിയിലുള്ളത്.   പ്രതികൾ ഉപയോഗിച്ച നാലു ബൈക്കുകൾ പോലീസ്  കസ്റ്റഡിയിൽ എടുത്തിരുന്നു.

ആലപ്പുഴയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന. ഷാൻ വധക്കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here