കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ഉദ്യോഗസ്ഥ കോടതിയെ അറയിച്ചു.
തനിക്കും മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥ തന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും കോടതിയില്‍ പറഞ്ഞു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു.
കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി പറഞ്ഞു.
പലകേസുകളിലും ഇത് കാണുന്നു. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമോ? കുട്ടിക്കായി സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. നടപടി ഇല്ലെങ്കില്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.
കഴിഞ്ഞ ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.
എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.
സംഭവത്തില്‍ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും രജിതയെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റിയതല്ലാതെ വേറെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
തുടര്‍ന്ന് ബാലാവകാശ കമ്മീഷന്റെ ഇടപെടലിലാണ് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടത്.