ഷാരൂഖ് ഖാന്‍റെ വെടിക്കെട്ടില്‍ കര്‍ണാടകയെ തകര്‍ത്ത് തമിഴ്നാട് സെമിയില്‍

0
313

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy) ഏകദിന ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ(Karnataka vs Tamilnadu) 151 റണ്‍സിന് തകര്‍ത്ത് തമിഴ്നാട് സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍റെ(N Jagadeesan) സെഞ്ചുറിയുടെയും സായ് കിഷോര്‍(Sai Kishore), ഷാരൂഖ് ഖാന്‍(Shahrukh Khan) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തപ്പോള്‍ കര്‍ണാടക 39 ഓവറില്‍ 203ന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത ചിലമ്പരശനും(Silambarasan) മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ്(Washington Sundar) കര്‍ണാടകയെ എറിഞ്ഞിട്ടത്.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കീരീടം നേടിയതിന് പിന്നാലെയാണ് വിജയ് ഹസാരെയിലും തമിഴ്നാട് സെമിയിലെത്തുന്നത്. ഓപ്പണര്‍ ബാബാ അപരാജിതിനെ തുടക്കത്തില നഷ്ടമായെങ്കിലും ജഗദീശനും സായ് കിഷോറും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 157 റണ്‍സടിച്ചുകൂട്ടി തമിഴ്നാടിന്‍റെ വമ്പന്‍ സ്കോറിനുളള അടിത്തറയിട്ടു. ജഗദീശന്‍ 101 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ സായ് കിഷോര്‍ 71 പന്തില്‍ 61 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ദിനേശ് കാര്‍ത്തിക്കും(37 പന്തില്‍ 44) ഇന്ദ്രജിത്തും(24 പന്തില്‍ 31) തകര്‍ത്തടിച്ചതോടെ തമിഴ്നാട് സ്കോര്‍ അതിവേഗം കുതിച്ചു.

എന്നാല്‍ ഫിനിഷറായി എത്തിയ ഷാരൂഖ് ഖാന്‍ 39 പന്തില്‍ 79 റണ്‍സടിച്ചതാണ് തമിഴ്നാട് സ്കോര്‍ 350 കടത്തിയത്. ഏഴ് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഷാരൂഖിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. മറുപടി ബാറ്റിംഗില്‍ തുടക്കകത്തിലെ  മലയാളി താരം സന്ദീപ് വാര്യര്‍ ദേവ്ദത്ത് പടിക്കലിനെ(0) പുറത്താക്കിയതോടെ നല്ല തുടക്കം നഷ്ടമായ കര്‍ണാടകയുടെ ഒറ്റ ബാറ്റര്‍ പോലും പിന്നീട് അര്‍ധസെഞ്ചുറി പോലും നേടിയില്ല.

ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ(9), നിരാശപ്പെടുത്തിയപ്പോള്‍ രോഹന്‍ കദം(24), കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ഥ്(29), അഭിനവ് മനോഹര്‍(34), ശ്രീനിവാസ് ശരത്(43), പ്രവീണ്‍ ദുബെ(26) എന്നിവരുടെ ഇന്നിംഗ്സാണ് കര്‍ണാടകയെ 200ല്‍ എത്തിച്ചത്. മധ്യ ഓവറുകളില്‍ ചിലമ്പരശനും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് വരിഞ്ഞു മുറുക്കിയതോടെ കര്‍ണാടകയുടെ പതനം പൂര്‍ണമായി.

ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശ് ഉത്തര്‍പ്രദേശിനെ കീഴടക്കി സെമിയിലെത്തി. വെള്ളിയാഴ്ചയാണ് സെമിഫൈനല്‍ പോരാട്ടം. മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സരൗഷ്ട്ര വിദര്‍ഭയെയും കേരളം സര്‍വീസസിനെയും നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here