വില നിയന്ത്രിക്കാൻ നടപടി; തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

0
228

തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തിൽ ഹോർട്ടികോർപ്പ് ഒപ്പുവച്ചു. തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടികോർപ്പ്  സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികൾ സംഭരിക്കാൻ ഹോർട്ടിക്കോർപ്പിന് ഇനി കഴിയും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരിൽ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികൾ കേരളത്തിൽ എത്തിക്കാനാവും.

അനിയന്ത്രിതമായി പച്ചക്കറി വില കുതിച്ചുയർന്നതും കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറി എങ്ങുനിന്നും ലഭ്യമാകാതെയും വന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപ്പ് ഇത്തരത്തിൽ ധാരണക്ക് തയ്യാറായത്. താൽക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്നാട്ടിൽ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ സുലഭമാകുന്നതോടെ ഇത്തരം പച്ചക്കറികൾ തമിഴ്നാട്ടിൽ നിന്നും സംഭരിക്കുന്നത് കുറവുവരുത്താനാവും. ഇപ്രകാരം പച്ചക്കറികൾ സമാഹരിച്ചു തരുന്ന അളവനുസരിച്ച് കിലോയ്ക്ക് ഒരു രൂപ പ്രകാരം കൈകാര്യ ചിലവ് ഹോർട്ടികോർപ്പ് കൊടുക്കേണ്ടതുണ്ട്.

തലേദിവസം ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന പ്രകാരമുള്ള പച്ചക്കറികൾ സമിതി സമാഹരിക്കുകയും ആയതിന്റെ ഗുണനിലവാരം ഹോർട്ടികോർപ്പിൻ്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി പിറ്റേദിവസം തന്നെ വിതരണത്തിനായി കേരളത്തിലെത്തിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികൾ ആദ്യഘട്ടത്തിൽ കേരള വിപണിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here