മുഖ്യമന്ത്രി വിളിച്ചു, ചര്‍ച്ച നടത്തും; പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത

0
420

വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ വിഷയത്തെ കുറിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇക്കാര്യം ഉന്നയിച്ച് പള്ളികളില്‍ പ്രതിഷേധം വേണ്ട എന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്.

‘ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തില്‍ സമസ്തക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കില്‍ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.’- തങ്ങള്‍ പറഞ്ഞു.

പള്ളികളിലൂടെ പ്രതിഷേധം ചെയ്യുന്നത് അപകടകരമാണ്. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത ഒന്നും അവിടെ ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ആ സമയത്ത് പള്ളിയില്‍ ഉദ്ബോധനം വേണ്ട എന്നും തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയോട് പ്രതിഷേധമുണ്ടെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചു. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്്. വിഷയത്തില്‍ സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡിലെ നിയമനത്തില്‍ നേരത്തെ ഉണ്ടായിരുന്ന നിലപാട് തന്നെ സര്‍ക്കാര്‍ സ്വീകരിക്കണം. പുതിയ തീരുമാനത്തിലുള്ള പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനിക്കും എന്നും തങ്ങള്‍ അറിയിച്ചു.

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവത്കരണം നടത്താന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നു.

പള്ളികളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.
കെ.ടി ജലീല്‍ എം.എല്‍.എ, പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ എന്നിവരടക്കമുള്ളവര്‍ പള്ളികളില്‍ പ്രതിഷേധം നടത്തും എന്ന നിലപാടിനെതിരെ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here