അബുദാബി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 19 ഞായറാഴ്‍ച മുതല്‍ അബുദാബിയില്‍ (Abu Dhabi) പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ (New entry rules) പ്രാബല്യത്തില്‍ വരും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്നവര്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‍കാനിങിന് (EDE Scanning) വിധേയമാകണമെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.
കൊവിഡ് രോഗികളായിരിക്കാന്‍ സാധ്യതയുള്ളവരെ ഇ.ഡി.ഇ സ്‍കാനിങിലൂടെ കണ്ടെത്താന്‍ സാധിക്കും. ഈ പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ അവിടെത്തന്നെ സജ്ജീകരിച്ചിരിക്കുന്ന ടെസ്റ്റിങ് സെന്ററില്‍ വെച്ച് ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. 20 മിനിറ്റിനുള്ളില്‍ ആന്റിജന്‍ പരിശോധനയുടെ ഫലം ലഭ്യമാവുകയും ചെയ്യും.
എന്താണ് ഇ.ഡി.ഇ സ്‍കാനറുകള്‍?
ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ അബുദാബിയില്‍ ഷോപ്പിങ് മാളുകളിലും ചില റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ സ്കാനിങ് ഉപകരണം പരിശോധിക്കേണ്ട ആളിന് നേരെ അല്‍പനേരം കാണിക്കും. ഇലക്ട്രോ മാഗ്നറ്റിങ് തരംഗങ്ങളിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കി കൊവിഡ് രോഗികളായിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. ഇ.ഡി.ഇ സ്‍കാനിങ് പരിശോധയില്‍ പോസിറ്റീവാകുന്നവരെ മാത്രമേ ആന്റിജന്‍ പരിശോധയ്‍ക്ക് വിധേയമാക്കുകയുള്ളൂ.