ജിദ്ദ: സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസി (സദയ)ന്‍റെ സഹകരണത്തോടെയാണ് വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കുന്ന സേവനം പാസ്പോർട്ട് ഡയറക്ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്. വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കി നൽകാൻ കഴിഞ്ഞ ജനുവരിയിലാണ് സൗദി മന്ത്രിസഭ അനുമതി നൽകിയത്. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
എന്നാൽ പുതിയ തീരുമാനത്തിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക ജോലിക്കാർ ഉൾപ്പെടുകയില്ല. പുതിയ സംവിധാനം വന്നതോടെ തൊഴിലുടമക്ക് സ്ഥാപനത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് കീഴിലുള്ളവരുടെ താമസ, വർക്ക് പെർമിറ്റുകൾ മൂന്ന് മാസം, ആറ് മാസം, ഒമ്പത് മാസം, മുമ്പുള്ളതു പോലെ ഒരു വർഷം എന്നീ രീതികളിൽ പുതുക്കാൻ സാധിക്കും.
സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുക, കൂടുതൽ കാര്യക്ഷമമായ രീതിയിൽ മാനേജ്മെന്റിനു പണം ചെലവഴിക്കാൻ സാധ്യമാക്കുക, ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലാളികളുടെ പെർമിറ്റുകൾ പുതുക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക തുടങ്ങിയവയാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ തീരുമാനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ വളർച്ചയെ പിന്തുണക്കുകയും തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുകയും തൊഴിൽ പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുമാണ്.