സ്വർണക്കടത്ത്: എയർ ഇന്ത്യ കാബിൻ ക്രൂവടക്കം 7 പേർ അറസ്റ്റിൽ; ഒക്ടോബറിൽ പിടിച്ചത് 12 കോടിയുടെ സ്വർണം

0
247

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്നു കിലോ സ്വർണവുമായി വിമാന ജീവനക്കാരനടക്കം ഏഴുപേരാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.

ഞായറാഴ്ച ഒരു സ്ത്രീയടക്കം ഏഴുപേർ അഞ്ച് കിലോ സ്വർണവുമായി പിടിയിലായിരുന്നു. എയർ ഇന്ത്യ സീനിയർ കാബിൻ ക്രൂവായ മുംബൈ സ്വദേശി അമോദ് സാമന്ത് ആണ് 1.400 കിലോ സ്വർണവുമായി പിടിയിലായത്. ഞായറാഴ്ച പുലർച്ചെ ലണ്ടനിൽനിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ കാബിൻ ക്രൂവായി അമോദ് സാമന്തുമുണ്ടായിരുന്നു. കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം ഇയാൾ പാലാരിവട്ടത്തെ ഒരു ഹോട്ടലിൽ വിശ്രമിച്ചു. തുടർന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ മുംബൈക്ക്‌ പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തി. ഇയാളുടെ ബാഗേജ് പരിശോധിച്ച സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് സ്വർണം കണ്ടെത്തിയത്. തുടർന്ന് സി.ഐ.എസ്.എഫ്. ഇയാളെ കസ്റ്റംസിന് കൈമാറി. വള രൂപത്തിലുള്ള നാല് തങ്കക്കട്ടികളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.

കൊച്ചിയിൽ വെച്ച് ഒരാൾ തനിക്ക് കൈമാറിയതാണ് സ്വർണമെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, കൈമാറിയ ആളുടെ പേരോ, ഫോൺ നമ്പറോ ഒന്നും ഇയാൾക്ക് അറിയില്ല. ഇയാൾ താമസിച്ച ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽനിന്ന് സ്വർണം ലണ്ടനിൽനിന്ന്‌ കടത്തിക്കൊണ്ടുവന്നതാകാം എന്ന നിഗമനത്തിലാണ് കസ്റ്റംസെത്തിയത്. വിമാനത്താവളത്തിൽ ജോലി നോക്കുന്ന ആരുടെയെങ്കിലും സഹായത്തോടെയാകാം ഇയാൾ സ്വർണം പുറത്തുകടത്തിയിരിക്കുന്നത് എന്നും കസ്റ്റംസ് സംശയിക്കുന്നു. പിടികൂടിയ സ്വർണത്തിന് 70 ലക്ഷം രൂപ വില വരും.

ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽനിന്നെത്തിയ തമിഴ്‌നാട് സ്വദേശികളായ ആറുപേരിൽ നിന്നാണ് 1600 ഗ്രാം സ്വർണം പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് 80 ലക്ഷത്തോളം രൂപ വരും.

കാബിൻ ക്രൂവിനെതിരേ നടപടിയുണ്ടാകും

നെടുമ്പാശ്ശേരി: സ്വർണക്കടത്തിന് കൂട്ടുനിന്ന എയർ ഇന്ത്യ സീനിയർ കാബിൻ ക്രൂ അമോദ് സാമന്തിനെതിരേ നടപടി ഉണ്ടാകും. കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ആദ്യപടിയായി എയർ ഇന്ത്യ ഇയാളെ സസ്പെൻഡ് ചെയ്യും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജോലിയിൽ നിന്നു പിരിച്ചുവിടും. ഇയാൾ സ്വർണം ലണ്ടനിൽ നിന്ന്‌ കടത്തിക്കൊണ്ടുവന്നതാണോ അതോ ഗൾഫിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന സ്വർണം മുംബൈയിലെത്തിക്കാൻ ഇയാളെ ആരെങ്കിലും എൽപ്പിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനു മുമ്പ് ഇയാൾ ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

ഒക്ടോബറിൽ പിടിച്ചത് 12 കോടിയുടെ സ്വർണം

നെടുമ്പാശ്ശേരി: വിമാന സർവീസുകൾ സാധാരണ നിലയിലായതോടെ കൊച്ചി വിമാനത്താവളം വഴിയുള്ള കള്ളക്കടത്തും കൂടി. ഒക്ടോബറിൽ മാത്രം 12 കോടിയിലധികം രൂപയുടെ സ്വർണം വിമാനത്താവളത്തിൽ പിടികൂടി. ഇതുകൂടാതെ 5.34 കോടി രൂപയുടെ കൊക്കെയ്‌നും 61.68 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുപ്പതോളം പേരാണ് പിടിയിലായത്. 25 കിലോയോളം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ്, ഡി.ആർ.ഐ., കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് എന്നീ ഏജൻസികളാണ് സ്വർണവും മറ്റും പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here