സംസ്ഥാനത്തെ ആകെ ഡോസ് വാക്സിനേഷൻ നാല് കോടി കഴിഞ്ഞു: മന്ത്രി വീണാ ജോർജ്

0
359

തിരുവനന്തപുരം :സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് വാക്സിനേഷൻ നാലു കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം പേർക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നൽകി. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 79.25 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേരളം നടത്തിയ മികച്ച വാക്സിനേഷൻ യജ്ഞത്തിന്റെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ ചെന്ന് വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി, വാക്സിൻ സമത്വത്തിനായി വേവ് കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ എന്നിവയും നടപ്പിലാക്കി.

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകളിൽ 2,08,57,954 ഡോസ് വാക്സിനും പുരുഷൻമാരിൽ 1,93,42,772 ഡോസ് വാക്സിനുമാണെടുത്തത്. ആരോഗ്യ പ്രവർത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട് -വീണാ ജോർജ് അറിയിച്ചു.

കോവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവർ ഉടൻ തന്നെ വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. മന്ത്രി ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here