വൈദ്യുതിനിരക്ക് വർധന ഉറപ്പായി; കൂടുതൽ ഉപയോഗിച്ചാൽ കനത്തബില്ലിനു നീക്കം

0
322

തിരുവനന്തപുരം: ഏപ്രിലില്‍ വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്നുറപ്പായി. ന്യായമായ വര്‍ധനയാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

നിരക്ക് വര്‍ധിപ്പിക്കാനുള്ള അപേക്ഷ ഡിസംബര്‍ 25-ഓടെ തയ്യാറാക്കി റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. ജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ നിരക്ക് നിര്‍ണയിക്കുന്നത്. ഇത് എത്രയായിരിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

മൂന്നുവര്‍ഷംമുമ്പാണ് നിരക്ക് കൂട്ടിയത്. കമ്മിഷന്റെ മാനദണ്ഡപ്രകാരം വര്‍ഷംതോറും നാലുശതമാനത്തോളം പണപ്പെരുപ്പത്തിന്റെ ഭാഗമായ വര്‍ധന അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ വാദം. ബോര്‍ഡിന്റെ ആസ്തി വിപുലപ്പെടുത്താന്‍ ചെലവിട്ടതും ജനങ്ങളില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണം. ഇതൊക്കെ കണക്കിലെടുത്താല്‍ത്തന്നെ 10 ശതമാനത്തിലധികം വര്‍ധനവരുത്തേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം. ശമ്പളപരിഷ്‌കരണവും കോവിഡ് സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയതും പതിവ് നഷ്ടവും കണക്കിലെടുത്താല്‍ 1800 കോടിരൂപയുടെ ബാധ്യതയുണ്ടായെന്നാണ് ബോര്‍ഡ് പറയുന്നത്.

2017-18ല്‍ 550 കോടിരൂപയുടെ നിരക്കുവര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചത്. 2019-20ല്‍ 962 കോടിയുടേയും.

വൈദ്യുതി കൂടുതൽ ഉപയോഗിച്ചാൽ കനത്തബില്ലിനു നീക്കം   

രുവനന്തപുരം: വൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന വൈകുന്നേരം ആറുമണിമുതൽ രാത്രി പത്തുവരെ അധികനിരക്ക് ഈടാക്കുന്ന ടി.ഒ.ഡി. (ടൈം ഓഫ് ദ ഡേ) താരിഫ് രീതി കൂടുതൽവീടുകൾക്ക് ബാധകമാക്കാൻ കെ.എസ്.ഇ.ബി. ആലോചിക്കുന്നു.

നിലവിൽ മാസം 500 യൂണിറ്റിൽക്കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണ് ഈരീതിയിൽ ബിൽ കണക്കാക്കുന്നത്. പരിധി 500 യൂണിറ്റിൽ കുറച്ച് കൂടുതൽ വീടുകളെക്കൂടി ഈരീതിയിലേക്കു മാറ്റാനാണ് നീക്കം.

വൈദ്യുതിനിരക്ക് കൂട്ടാൻ ഡിസംബർ അവസാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി. നൽകുന്ന അപേക്ഷയിൽ ഈ ശുപാർശകൂടി ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നു. ഇപ്പോൾ രാത്രിയിൽ ഉപയോഗം കൂടുന്നതുകൊണ്ട് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇത് കുറയ്ക്കാനാണ് മാറ്റം പരിഗണിക്കുന്നത്. ഇതു നടപ്പായാൽ ഗാർഹികമേഖലയിൽ നിരക്ക് കുത്തനെ കൂടും. കാരണം, വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും രാത്രിയിലാണ്.

നിലവിൽ മൂന്നുവിഭാഗം ഉപയോക്താക്കൾക്കാണ് ടി.ഒ.ഡി. രീതി നിർബന്ധം. വൻകിട വ്യവസായങ്ങളായ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾ, 20 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡുള്ള ലോടെൻഷൻ വ്യവസായങ്ങൾ, മാസം 500 യൂണിറ്റിൽക്കൂടുതൽ ഉപയോഗിക്കുന്ന വീടുകൾ. വാണിജ്യസ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഈ രീതി തിരഞ്ഞെടുക്കാം.

ചർച്ചയിലുണ്ട്, തീരുമാനമായില്ല -മന്ത്രി കൃഷ്ണൻകുട്ടി

ഉപയോഗം കൂടുതലുള്ള രാത്രിയിൽ വൈദ്യുതിക്ക് അധികനിരക്ക് ഈടാക്കണമെന്ന ആവശ്യം ചർച്ചയിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here