വിദേശത്ത് പോയവര്‍ക്കും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം: മന്ത്രി എം വി ഗോവിന്ദന്‍

0
215

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ വിദേശത്തു പോയവര്‍ക്കും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍  അറിയിച്ചു.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവിലെ ‘വിവാഹിതരായി വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും.  ദമ്പതികളില്‍ വിദേശത്തുള്ളയാള്‍ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ട് ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. ഇക്കാര്യം സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന സമയത്ത് തദ്ദേശ രജിസ്ട്രാര്‍ കക്ഷികളെ അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ദമ്പതികളില്‍ ഒരാള്‍ക്ക് നേരിട്ട് ഹാജരാകാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും തദ്ദേശ രജിസ്ട്രാര്‍ മുമ്പാകെ ഹാജരാവുകയും രജിസ്റ്ററില്‍ ഒപ്പു വയ്ക്കുകയും വേണം. വ്യാജ ഹാജരാകലുകളും ആള്‍മാറാട്ടവും ഒഴിവാക്കാന്‍ സാക്ഷികളുടെ സാന്നിധ്യം ഉപയോഗിക്കാവുന്നതും ദമ്പതികളുടെ സത്യവാങ്മൂലം രജിസ്ട്രാര്‍ക്ക് വാങ്ങി സൂക്ഷിക്കാവുന്നതുമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ കക്ഷികളുടെ ഉത്തരവാദിത്തത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ദമ്പതികളില്‍ ഒരാള്‍ മരണപ്പെട്ട സാഹചര്യമുണ്ടെങ്കില്‍ ജീവിച്ചിരിക്കുന്നയാള്‍ക്ക് ഉത്തരവിന്റെ ആനുകൂല്യം ലഭ്യമാകില്ലെന്നും ഇത്തരം സന്ദര്‍ഭത്തില്‍ നിലവിലുള്ള രീതി തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here